ആര്‍എസ്എസ് ബ്രിട്ടീഷ് പാദസേവകര്‍; വീഡിയോ പ്രചാരണവുമായി കോണ്‍ഗ്രസ്

രാഷ്ട്രീയ സ്വയംസേവക് സംഘ് എല്ലായ്‌പ്പോഴും ഇന്ത്യാ വിരുദ്ധ നിലപാടാണ് സ്വീകരിച്ചു പോന്നത്. ബ്രിട്ടീഷുകാരോട് കൂറ് പ്രഖ്യാപിക്കുകയും അക്രമത്തിനും മഹാത്മാഗാന്ധിയെ കൊല്ലുന്നതിനും പ്രേരണ നല്‍കുകയും ചെയ്തതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിന് തെളിവാണ്-ആര്‍എസ്എസ് വേഴ്‌സസ് ഇന്ത്യ എന്ന ഹാഷ് ടാഗില്‍ കോണ്‍ഗ്രസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ അടിക്കുറിപ്പില്‍ പറയുന്നു.

Update: 2019-07-04 13:00 GMT

ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനവും ബ്രിട്ടീഷുകാരോടുള്ള കൂറും തുറന്നു കാട്ടി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ആര്‍എസ്എസിനെ കടന്നാക്രമിക്കുന്ന ചെറു വീഡിയോ പോസ്റ്റ് ചെയ്തത്.  ആര്‍എസ്എസ് എന്താണെന്ന് ആലോചിച്ചൂ നോക്കൂ. രാഷ്ട്രീയ സ്വയംസേവക് സംഘ് എല്ലായ്‌പ്പോഴും ഇന്ത്യാ വിരുദ്ധ നിലപാടാണ് സ്വീകരിച്ചു പോന്നത്. ബ്രിട്ടീഷുകാരോട് കൂറ് പ്രഖ്യാപിക്കുകയും അക്രമത്തിനും മഹാത്മാഗാന്ധിയെ കൊല്ലുന്നതിനും പ്രേരണ നല്‍കുകയും ചെയ്തതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിന് തെളിവാണ്-ആര്‍എസ്എസ് വേഴ്‌സസ് ഇന്ത്യ എന്ന ഹാഷ് ടാഗില്‍ കോണ്‍ഗ്രസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ അടിക്കുറിപ്പില്‍ പറയുന്നു.

സ്വാതന്ത്ര്യസമം മുതല്‍ ഇന്ത്യന്‍ ചിഹ്നങ്ങള്‍ വരെയുള്ളതിനെ ആര്‍എസ്എസ് എപ്പോഴും എതിര്‍ത്തിരുന്നു. സ്വാതന്ത്ര്യ സമര പോരാളികള്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടുമ്പോള്‍ ആര്‍എസ്എസ് ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ കുമ്പിട്ടു നില്‍ക്കുകയായിരുന്നു. ഇന്ത്യ എന്ന ആശയത്തെ എതിര്‍ക്കുന്നതായിരുന്നു ആര്‍എസ്എസ് നയം-കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

ആര്‍എസ്എസ് ഫോര്‍ ഡമ്മീസ് എന്ന പേരിലുള്ള ഒരു മിനിറ്റ് വീഡിയോയില്‍ ആര്‍എസ്എസ് സ്ഥാപകനായ കെ ബി ഹെഡ്‌ഗേവാര്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തതായി ആരോപിക്കുന്നു. ബ്രിട്ടീഷ് സിവിക് ഗാര്‍ഡില്‍ ചേരാന്‍ സംഘി നേതാക്കള്‍ തങ്ങളുടെ അംഗങ്ങളോട് ആഹ്വാനം ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തിതിന് ആര്‍എസ്എസ് നേതാക്കള്‍ക്ക് ബ്രിട്ടീഷ് യജമാനന്മാരുടെ പാരിതോഷികം ലഭിച്ചിരുന്നു. സംഘപരിവാരം നമ്മുടെ ദേശീയപതാകയെ എതിര്‍ത്തു. ഇത് ദേശവിരുദ്ധമല്ലേ? നാഥുറാം ഗോഡ്‌സെ മാഹാത്മാഗാന്ധിയെ വെടിവച്ചു കൊന്ന കാര്യവും വീഡിയോ ഓര്‍മിപ്പിക്കുന്നു. ആര്‍എസ്എസിന് ഭരണഘടനയേക്കാള്‍ വലുതാണ് മനുസ്മൃതിയെന്നും വീഡിയോ വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നു രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പുറത്തുവിട്ട തുറന്ന കത്തിലും ആര്‍എസ്എസിനെ കടന്നാക്രമിച്ചിരുന്നു. ഇന്ത്യയിലെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും പിടിച്ചെടുക്കുന്നതില്‍ ആര്‍എസ്എസ് വിജയിച്ചുവെന്ന് കത്തില്‍ പറയുന്നുണ്ട്. രാജ്യത്തിന്റെ എല്ലാ അധികാര സ്ഥാപനങ്ങളും പിടിച്ചെടുക്കുക എന്ന ആര്‍എസ്എസിന്റെ പ്രഖ്യാപിത ലക്ഷ്യം നേടിയിരിക്കുന്നു. നമ്മുടെ ജനാധിപത്യം മൗലികമായി ദുര്‍ബലമാക്കപ്പെട്ടു. ഇനി മുതലങ്ങോട്ട് തിരഞ്ഞെടുപ്പുകള്‍ ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ഘടകം എന്നതില്‍ നിന്ന് വെറും ആചാരമായി മാറും-രാഹുല്‍ എഴുതി.

ആര്‍എസ്എസ് അധികാരം കവര്‍ന്നെടുത്തത് ഇന്ത്യയില്‍ പ്രവചിക്കാനാവാത്ത തരത്തിലുള്ള അക്രമങ്ങളും വേദനയും സൃഷ്ടിക്കും. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക കര്‍ഷകര്‍, തൊഴില്‍രഹിതര്‍, ആദിവാസികള്‍, ദലിതുകള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെയായിരിക്കും. ഇന്ത്യക്കാര്‍ ഐക്യപ്പെടുകയും നമ്മുടെ സ്ഥാപനങ്ങളെ തിരിച്ചുപിടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു.  

Tags: