സോഷ്യല്‍ മീഡിയാ പ്രചാരണത്തിന് ഒന്നരക്കോടി ചെലവില്‍ സ്വകാര്യ ഏജന്‍സി: ഇടതു സര്‍ക്കാരിന്റെ ജനങ്ങളോടുള്ള വെല്ലുവിളി- അജ്മല്‍ ഇസ്മായീല്‍

പാവപ്പെട്ട രോഗികള്‍ക്ക് സഹായ ഹസ്തമായിരുന്ന കാരുണ്യ ഫണ്ട് ഉള്‍പ്പെടെയുള്ള ചികില്‍സാ സഹായങ്ങള്‍ പോലും തടഞ്ഞുവെച്ച സര്‍ക്കാരാണ് കോടികള്‍ ചെലവഴിച്ച് മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കിയും സോഷ്യല്‍ മീഡിയാ പ്രചാരണത്തിന് സ്വകാര്യ ഏജന്‍സികളെ വിലയ്‌ക്കെടുത്തും കോടികള്‍ ധൂര്‍ത്തടിക്കുന്നത്.

Update: 2021-03-02 10:39 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയാ വഴി പ്രചരിപ്പിക്കുന്നതിന് ഒന്നരക്കോടിയിലധികം രൂപ ചെലവില്‍ സ്വകാര്യ പിആര്‍ ഏജന്‍സിയെ ഏല്‍പ്പിച്ച ഇടതു സര്‍ക്കാര്‍ നടപടി സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍. പാവപ്പെട്ട രോഗികള്‍ക്ക് സഹായ ഹസ്തമായിരുന്ന കാരുണ്യ ഫണ്ട് ഉള്‍പ്പെടെയുള്ള ചികില്‍സാ സഹായങ്ങള്‍ പോലും തടഞ്ഞുവെച്ച സര്‍ക്കാരാണ് കോടികള്‍ ചെലവഴിച്ച് മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കിയും സോഷ്യല്‍ മീഡിയാ പ്രചാരണത്തിന് സ്വകാര്യ ഏജന്‍സികളെ വിലയ്‌ക്കെടുത്തും കോടികള്‍ ധൂര്‍ത്തടിക്കുന്നത്. അടിക്കടിയുണ്ടായ പ്രളയവും കൊവിഡ് മഹാമാരിയും മൂലം പട്ടിണിയിലായ സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ കണ്ണീര്‍ കാണാന്‍ പോലും സര്‍ക്കാരിനാവുന്നില്ല.

സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പി.ആര്‍.ഡിയും സിഡിറ്റും കൂടാതെ ഓരോ പദ്ധതിയ്ക്കും പ്രത്യേകം പി ആര്‍ ഏജന്‍സികളുമുണ്ടായിരിക്കേയാണ് ഇടതു സര്‍ക്കാര്‍ പണക്കൊഴുപ്പിന്റെ മാമാങ്കം നടത്തുന്നത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് തന്നെയാണ് സംസ്ഥാനത്തെ ജനങ്ങളുടെ പോക്കറ്റടിക്കുന്ന തീരുമാനങ്ങളും ഉത്തരവുകളുമുണ്ടായതെന്നതാണ് ഏറെ ആശ്ചര്യകരം.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന്റെ മകന്‍ ജീവ ആനന്ദന് തസ്തിക പുനര്‍നിര്‍ണയിച്ച്് ഒറ്റയടിക്ക് പ്രതിമാസം 28,690 രൂപയുടെ ശമ്പള വര്‍ധന ഉത്തരവ് ഇറങ്ങിയതും ഫെബ്രുവരിയില്‍ തന്നെയാണ്. 2016 സെപ്തംബര്‍ 22 ന് ജോലിയില്‍ പ്രവേശിച്ചതു മുതല്‍ മുന്‍കാല പ്രാബല്യം കൂടി നല്‍കിയതോടെ ഒരു കോടിയോളം രൂപ ലോട്ടറി അടിച്ചതു പോലെ ജീവ ആനന്ദന്റെ പോക്കറ്റിലെത്തും. സിപിഎമ്മിനു വേണ്ടി ചാനലുകളില്‍ പ്രതിരോധം തീര്‍ത്തതിന്റെ പാരിതോഷികമാണ് ആനന്ദന് ലഭിച്ചിരിക്കുന്നത്.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ഉപദേശക വൃന്ദത്തെ സൃഷ്ടിച്ചും ഇഷ്ടക്കാരെയും പാര്‍ട്ടിക്കാരെയും പ്രതിഷ്ടിക്കാന്‍ അനാവശ്യ പോസ്റ്റുകള്‍ സൃഷ്ടിച്ചും കോടികളാണ് ധൂര്‍ത്തടിച്ചത്. തിരഞ്ഞെടുപ്പ് അടുത്തതോടെ ഭക്ഷണ കിറ്റും ക്ഷേമപെന്‍ഷനും നല്‍കിയെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് സര്‍ക്കാരിന്റെ ബാധ്യത തന്നെയാണ്. കൂടാതെ ഇത് പ്രചരിപ്പിക്കാന്‍ കിറ്റ് നല്‍കിയതില്‍ കൂടുതല്‍ തുകയാണ് ചെലവഴിക്കുന്നതെന്നതാണ് വിരോധാഭാസമെന്നും മുണ്ട് മുറുക്കിയുടുക്കാന്‍ ജനങ്ങളെ ഉപദേശിച്ച സര്‍ക്കാരിന്റെ ധൂര്‍ത്തും സ്വജനപക്ഷപാതവും ജനങ്ങള്‍ തിരിച്ചറിയും. സിപിഎമ്മിന്റെ വല്യേട്ടന്‍ തീരുമാനത്തിനു മുമ്പില്‍ പഞ്ചപുച്ഛമടക്കി ഘടകകക്ഷികള്‍ മിണ്ടാപ്രാണികളായി മാറിയെന്നും അജ്മല്‍ കുറ്റപ്പെടുത്തി. ഇടത്, വലത്, എന്‍.ഡി.എ മുന്നണിയായാലും അഴിമതിയിലും സ്വജനപക്ഷപാതത്തിലും ധൂര്‍ത്തിലും തുല്യരാണെന്നും ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലെന്ന് ഓരോ നിമിഷവും അവര്‍ തെളിയിക്കുകയാണെന്നും അജ്മല്‍ ഇസ്മായീല്‍ പറഞ്ഞു.

Tags: