ആലപ്പുഴയില്‍ വീട് കുത്തിതുറന്ന് വന്‍ കവര്‍ച്ച; 67 പവന്‍ സ്വര്‍ണം മോഷ്ടിച്ചു
ഉപ്പുകണ്ടം പൂമംഗലത്ത് സദാനന്ദന്റെ വീട് കുത്തിത്തുറന്ന് അറുപത്തേഴര പവനാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. വ്യാഴാഴ്ച രാത്രി വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം.
ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് വീടു കുത്തിത്തുറന്ന് വന്‍കവര്‍ച്ച. ഉപ്പുകണ്ടം പൂമംഗലത്ത് സദാനന്ദന്റെ വീട് കുത്തിത്തുറന്ന് അറുപത്തേഴര പവനാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. വ്യാഴാഴ്ച രാത്രി വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം.
നാലുകിലോമീറ്ററോളം അകലെ താമസിക്കുന്ന സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് സദാനന്ദനും കുടുംബവും അവിടെയായിരുന്നു. മരണവിവരമറിഞ്ഞ് ധൃതിയിലിറങ്ങിയതിനാല്‍ വീട്ടിലെ കിടപ്പുമുറികള്‍ പൂട്ടിയിരുന്നില്ല. ഈ സമയത്ത് വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് മോഷ്ടാക്കള്‍ അകത്തുകയറി കവര്‍ച്ച നടത്തുകയായിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഇന്നു രാവിലെ വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് വാതില്‍ തകര്‍ത്തത് ശ്രദ്ധയില്‍പെട്ടത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മോഷണം നടന്നതായി കണ്ടെത്തി. സദാനന്ദന്റെ ആണ്‍മക്കളുടെ ഭാര്യമാരുടെയും പേരക്കുട്ടികളുടെയും സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. വള്ളികുന്നം പോലിസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങളും പോലിസ് പരിശോധിച്ചിട്ടുണ്ട്. വീടുമായി അടുത്ത പരിചയമുള്ളവരാണ് മോഷണത്തിനു പിന്നിലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.