പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക: പണ്ഡിത പ്രതിഷേധ സമ്മേളനം ഫെബ്രുവരി 2ന് കാവനൂരില്‍

സ്വാതന്ത്ര്യ സമരത്തെ അനുസ്മരിപ്പിക്കും വിധം രാജ്യത്താകമാനം പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ രാജ്യത്തോട് കൂറുള്ള എല്ലാ പണ്ഡിതന്മാരും പള്ളി മിഹ്‌റാബുകളില്‍ നിന്ന് പുറത്തിറങ്ങി ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട സമയം അതിക്രമിച്ചതായി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി

Update: 2020-01-31 11:17 GMT

മലപ്പുറം: സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ആര്‍എസ്എസ് ഇന്ത്യ വിടുക എന്ന പ്രമേയത്തില്‍ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ മലപ്പുറം ജില്ലാ കമ്മിറ്റി മതപണ്ഡിതന്മാരുടെ പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 2നു വൈകീട്ട് ഏഴിന് മലപ്പുറം ജില്ലയിലെ കാവനൂരിലാവും പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കുക.

മതത്തിന്റെ പേരില്‍ പൗരന്മാരെ വേര്‍തിരിക്കുകയും ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കുകയും ചെയ്യുന്ന പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനെതിരേ സമരം ചെയ്യേണ്ടത് യഥാര്‍ത്ഥ ദേശ സ്‌നേഹികളുടെ ബാധ്യതയായി മാറിയിരിക്കുകയാണ്.

അവസാന അത്താണിയായി സുപ്രിം കോടതി വിധിയിലേക്കാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. വിഭാഗീയതകള്‍ മറന്ന് ജനാധിപത്യ പ്രക്ഷോഭങ്ങളെ ജനകീയമായി ഏകോപിപ്പിക്കുന്നതിലൂടെയാണ് സമരം വിജയിപ്പിക്കാനാവുന്നത്. അധിനിവേശ ശക്തിക്കെതിരേ ധീരമായി പോരാടി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു രക്തവും ജീവനും നല്‍കിയ ചരിത്ര പാരമ്പര്യമാണ് മലബാറിലെ പണ്ഡിതന്മാര്‍ക്കുള്ളത്. ബ്രിട്ടീഷുകാരുടെ നിറതോക്കിന് മുമ്പില്‍ നിര്‍ഭയം നിലയുറപ്പിച്ച വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജിയും ശഹീദ് ആലി മുസ്‌ല്യാരും മമ്പുറം സയ്യിദ് അലവി തങ്ങളും വെളിയങ്കോട് ഉമര്‍ ഖാളിയും ജീവിച്ച മണ്ണാണ് മലപ്പുറം. സ്വാതന്ത്ര്യ സമര മുഖത്തെ ആവേശമായിരുന്നു ഈ പണ്ഡിതന്മാര്‍.

എന്നാല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഗാന്ധിജിയെ വകവരുത്തിയും ബാബരി മസ്ജിദ് തകര്‍ത്തും ആയിരക്കണക്കായ വര്‍ഗീയ കലാപങ്ങള്‍ നടത്തി ആയിരങ്ങളെ കൊന്നൊടുക്കിയും മതത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിച്ചും ആര്‍എസ്എസ് ഭരണഘടനയെ ദുര്‍ബലപ്പെടുത്തുകയും വിചാരധാരയെ പ്രതിഷ്ഠിക്കുകയും ചെയ്യുകയാണ്. ഇതിനെതിരേ സ്വാതന്ത്ര്യ സമരത്തെ അനുസ്മരിപ്പിക്കും വിധം രാജ്യത്താകമാനം പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ രാജ്യത്തോട് കൂറുള്ള എല്ലാ പണ്ഡിതന്മാരും പള്ളി മിഹ്‌റാബുകളില്‍ നിന്ന് പുറത്തിറങ്ങി ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത് ഓരോരുത്തരുടെയും ഭരണഘടനാപരവും മതപരവുമായ ബാധ്യതയാണ്.ബ്രിട്ടീഷുകാര്‍ക്കെതിരേ ഉയര്‍ന്ന സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ വീരസ്മരണകള്‍ ഉണര്‍ത്തുന്ന ഏറനാട്ടിലെ കാവനൂരിലാണ് പണ്ഡിത പ്രതിഷേധ സമ്മേളനം നടക്കുന്നത്.

ഉജ്ജ്വല വാഗ്മിയും പണ്ഡിതനുമായ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഫ്‌സല്‍ ഖാസിമി കൊല്ലം, ദേശീയ ട്രഷറര്‍ ഡോ. ശാഹുല്‍ ഹമീദ് ബാഖവി ചെന്നൈ, സംസ്ഥാന പ്രസിഡന്റ് അബ്ദുറഹ്മാന്‍ ബാഖവി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബശീര്‍, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അബ്ദുല്‍ മജീദ് ഖാസിമി, പ്രമുഖ പണ്ഡിതന്‍ പാങ്ങില്‍ നൂറുദ്ദീന്‍ മുസ്ല്യാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ സഈദ് മൗലവി അരീക്കോട് (ഇമാംസ് കൗണ്‍സില്‍ മലപ്പുറം ജില്ലാ പ്രസിഡന്റ്), ഹംസ വഹബി വേങ്ങര (ഇമാംസ് കൗണ്‍സില്‍ മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി), ശറഫുദ്ധീന്‍ മൗലവി മഞ്ചേരി (പ്രോഗ്രാം കണ്‍വീനര്‍), ജില്ലാ സമിതി അംഗങ്ങളായ മുഹ്‌യുദ്ധീന്‍ സെയ്‌നി, ഹസൈനാര്‍ കൗസരി, ഉമര്‍ അല്‍ഹസനി പങ്കെടുത്തു.

Tags:    

Similar News