ബിജെപിക്കും ആർഎസ്എസിനുമെതിരെ പോരാടാൻ പ്രവർത്തകർക്കൊപ്പം താനുമുണ്ടാകും: രാഹുൽ ഗാന്ധി

ഇന്ത്യയിൽ ഇന്ന് സംവാദങ്ങൾ അനുവദിക്കുന്നില്ല. രാജ്യത്തെ സ്ഥാപനങ്ങൾ വ്യവസ്ഥാപിതമായി തകർക്കപ്പെടുകയാണ്.

Update: 2022-05-15 12:27 GMT

ന്യൂഡൽഹി: ബിജെപിക്കും ആർഎസ്എസിനുമെതിരെ പോരാടാൻ പ്രവർത്തകർക്കൊപ്പം താനുമുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താൻ അഴിമതി നടത്തിയിട്ടില്ല. എവിടെ നിന്നും പണം സ്വീകരിച്ചിട്ടുമില്ല. അതിനാൽ ഭയവുമില്ല. വിദ്വേഷത്തിനും അക്രമത്തിനുമെതിരായി പോരാടുമെന്നും രാഹുൽ ചിന്തൻ ശിബിരിൽ പറഞ്ഞു.

പാർട്ടിയും ജനങ്ങളു​മായുള്ള ബന്ധം തകർന്നുപോയി. അത് മനസിലാക്കി വീണ്ടെടുക്കണം, ശക്തിപ്പെടുത്തണം. അതിന് കുറുക്കുവഴികളില്ല. കഠിനാധ്വാനം തന്നെ വേണം. പാർട്ടിയുടെ അടിത്തട്ടു മുതൽ മാറ്റം വരുത്തിയാൽ ആർഎസ്എസിനെ അതിജീവിക്കാനാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ത്യയിൽ ഇന്ന് സംവാദങ്ങൾ അനുവദിക്കുന്നില്ല. രാജ്യത്തെ സ്ഥാപനങ്ങൾ വ്യവസ്ഥാപിതമായി തകർക്കപ്പെടുകയാണ്. രാജ്യത്തെ സ്ഥാപനങ്ങളെല്ലാം പ്രവർത്തനം നിർത്തുന്ന ദിവസം, ചർച്ചകൾ അവസാനിപ്പിക്കുന്ന ദിവസം നാം ഗുരുതര പ്രശ്നത്തിലാണെന്ന് മനസിലാകും. ചർച്ചകൾ ഇല്ലാതായതിന്റെ അനന്തരഫലത്തെ കുറിച്ച് നാം ചിന്തിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

പ്രാദേശിക പാർട്ടികൾക്ക് കോൺഗ്രസിനെ പോലെ ആർഎസ്എസിനോട് പോരാടാനാകില്ല. ഇത് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്. ബിജെപി കോൺഗ്രസിനെ കുറിച്ചാണ് പറയുന്നത്. അവർക്കറിയാം പ്രാദേശിക പാർട്ടികൾക്ക് അവരെ തകർക്കാനാകില്ലെന്ന്. ഇത് രാജ്യത്തിന്റെ ഭാവി സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Similar News