കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് കെ സുധാകരന്‍

Update: 2022-11-16 04:20 GMT

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാന്‍ സന്നദ്ധതയറിച്ച് കെ സുധാകരന്‍ എംപി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്. കെപിസിസി അധ്യക്ഷ പദവിയിലിരുന്ന് ചികില്‍സയുമായി തനിക്ക് മുന്നോട്ടുപോവണം. എന്നാല്‍, ഈ രണ്ട് കാര്യങ്ങളും ഒരുപോലെ കൊണ്ടുപോവാന്‍ പറ്റുന്നില്ലെന്ന് കത്തില്‍ പറയുന്നു. കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ചുപോവുന്നില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണയും സഹകരണവും തനിക്ക് വേണ്ടത്ര കിട്ടുന്നില്ല. ഇപ്പോഴത്തെ നിസ്സഹകരണം കാരണം കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയുന്നില്ലെന്നും കെ സുധാകരന്‍ കത്തില്‍ പറയുന്നു.

താന്‍ സ്ഥാനമൊഴിഞ്ഞാല്‍ പകരം ചെറുപ്പക്കാര്‍ക്ക് പദവി നല്‍കണമെന്ന് സുധാകരന്‍ കത്തില്‍ ആവശ്യപ്പെടുന്നു. രണ്ട് ദിവസം മുമ്പ് അയച്ച കത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതേസമയം, കെ സുധാകരനോ മറ്റ് കോണ്‍ഗ്രസ് നേതാക്കളോ ഈ കത്ത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തിന്റെ പേരില്‍ സുധാകരന്‍ പാര്‍ട്ടിക്കുള്ളിലും യുഡിഎഫിനുള്ളിലും ഒറ്റപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ സുധാകരനെതിരേ പരസ്യമായി രംഗത്തെത്തി. ഘടകകക്ഷികളും സുധാകരന്റെ നിലപാടുകള്‍ തള്ളിപ്പറയുകയും കോണ്‍ഗ്രസ് വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.

സുധാകരനെതിരേ ഹൈക്കമാന്റിനും പരാതി പോയി. തനിക്ക് സംഭവിച്ചത് നാക്കുപിഴ മാത്രമാണെന്നാണ് സുധാകരന്‍ ഹൈക്കമാന്‍ഡ് പ്രതിനിധിയെ അറിയിച്ചത്. ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനയിലെ ന്യായീകരണം അംഗീകരിക്കാന്‍ നേതാക്കളില്‍ ഒരുവിഭാഗം തയ്യാറായിരുന്നില്ല. പിന്നാലെ വര്‍ഗീയതയോട് നെഹ്‌റു സന്ധി ചെയ്തുവെന്ന പ്രസ്താവന കൂടി വന്നതോടെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായി. മുസ്‌ലിം ലീഗ് നേതാക്കള്‍ സുധാകരന്റെ പരാമര്‍ശത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.

നെഹ്‌റുവിനെക്കുറിച്ചുള്ള സുധാകരന്റെ പ്രസ്താവനയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ് ഇന്ന് നിര്‍ണായക യോഗം ചേരുകയാണ്. കോണ്‍ഗ്രസിലെ വലിയൊരു വിഭാഗവും ഘടകകക്ഷി നേതാക്കളും സുധാകരന്റെ ന്യായീകരണ വാദങ്ങള്‍ തള്ളുകയും തുടര്‍ച്ചയായുള്ള ആര്‍എസ്എസ് അനുകൂല പരാമര്‍ശത്തില്‍ കടുത്ത അമര്‍ഷം പരസ്യമായി രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചതെന്നാണ് റിപോര്‍ട്ടുകള്‍.

Tags:    

Similar News