വീട്ടില്‍ അതിക്രമിച്ച് കയറി 11കാരിയെ പീഡിപ്പിച്ച പ്രതിക്ക് 28 വര്‍ഷം തടവും 1.10 ലക്ഷം രൂപ പിഴയും ശിക്ഷ

ഇടുക്കി മണിയാനന്‍കുടി താമരക്കാട്ടു വീട്ടില്‍ സജീവിനെ (36)യാണ് തൊടുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ അനില്‍കുമാര്‍ ശിക്ഷിച്ചത്.

Update: 2020-02-04 14:09 GMT

തൊടുപുഴ: വീട്ടില്‍ അതിക്രമിച്ച് കയറി 11കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 28 വര്‍ഷം തടവും 1.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തൊടുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി. ഇടുക്കി മണിയാനന്‍കുടി താമരക്കാട്ടു വീട്ടില്‍ സജീവിനെ (36)യാണ് തൊടുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ അനില്‍കുമാര്‍ ശിക്ഷിച്ചത്. 2013 ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം.

വീട്ടില്‍ അതിക്രമിച്ച് കയറി പ്രതി പലതവണ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി ആരോടും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല.

പിന്നീട് സ്‌കൂളിലെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് കുട്ടി വിവരങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയ കുറ്റത്തിന് അഞ്ച് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും 12 വയസ്സിനു താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പത്തുവര്‍ഷം കഠിന തടവും 50,000 രൂപ പിഴയും കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് പത്തുവര്‍ഷം കഠിന തടവും 50,000 രൂപ പിഴയും കുട്ടിയെ ഭീഷണിപ്പെടുത്തി മരണഭയം ഉളവാക്കിയതിന് മൂന്നു വര്‍ഷം കഠിന തടവും അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴത്തുക നല്‍കാത്ത പക്ഷം എട്ടു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. പിഴയായി ഈടാക്കുന്ന തുക ഇരയ്ക്കു നഷ്ടപരിഹാരമായി നല്‍കാനും എല്ലാ കുറ്റങ്ങള്‍ക്കുമായി ഉള്ള കഠിന തടവ് ഒരേ കാലയളവില്‍ അനുഭവിക്കാനും കോടതി വിധിന്യായത്തില്‍ ഉത്തരവിട്ടു. കോടതിയില്‍നിന്നു ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് ഒളിവില്‍ പോയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ബി വാഹിദ ഹാജരായി.

Tags:    

Similar News