ബിജെപിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുസ്‌ലിം ജീവനക്കാര്‍ക്ക് റമദാനില്‍ അനുവദിച്ച ഇളവ് റദ്ദാക്കി ഡിജെബി

'റമദാന്‍ ദിവസങ്ങളില്‍ അതായത് ഏപ്രില്‍ 3 മുതല്‍ മെയ് 2 വരെ അല്ലെങ്കില്‍ ഈദു തീയതി വരെ മുസ്‌ലിം ജീവനക്കാര്‍ക്ക് ഹ്രസ്വ അവധി (ഏകദേശം രണ്ട് മണിക്കൂര്‍) അനുവദിക്കുന്നതിന് യോഗ്യതയുള്ള അതോറിറ്റിക്ക് അംഗീകാരം നല്‍കി കൊണ്ടായിരുന്നു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നത്.

Update: 2022-04-05 17:29 GMT

ന്യൂഡല്‍ഹി: മുസ്‌ലിം ജീവനക്കാര്‍ക്ക് റമദാന്‍ കാലയളവില്‍ ദിവസേന രണ്ട് മണിക്കൂര്‍ ജോലിയില്‍ ഇടവേള അനുവദിക്കുന്ന സര്‍ക്കുലര്‍ പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കകം ഡല്‍ഹി ജല ബോര്‍ഡ് (ഡിജെബി) പിന്‍വലിച്ചു. സംഭവത്തില്‍ ബിജെപി പ്രതിഷേധവുമായി മുന്നോട്ട് വന്നതിനു പിന്നാലെയാണ് ഡിജെബി സര്‍ക്കുലര്‍ പിന്‍വലിച്ചത്.

'റമദാന്‍ ദിവസങ്ങളില്‍ അതായത് ഏപ്രില്‍ 3 മുതല്‍ മെയ് 2 വരെ അല്ലെങ്കില്‍ ഈദു തീയതി വരെ മുസ്‌ലിം ജീവനക്കാര്‍ക്ക് ഹ്രസ്വ അവധി (ഏകദേശം രണ്ട് മണിക്കൂര്‍) അനുവദിക്കുന്നതിന് യോഗ്യതയുള്ള അതോറിറ്റിക്ക് അംഗീകാരം നല്‍കി കൊണ്ടായിരുന്നു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നത്.

ഓഫിസ് ജോലിക്ക് തടസ്സം വരാതിരിക്കാന്‍ ശേഷിക്കുന്ന ഓഫിസ് സമയങ്ങളില്‍ അവര്‍ തങ്ങളുടെ ജോലി പൂര്‍ത്തിയാക്കുമെന്ന വ്യവസ്ഥയ്ക്ക് വിധേയമായിട്ടായിരുന്നു ഈ അവധി അനുവദിച്ച് കൊണ്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

എന്നാല്‍, ഇക്കാര്യത്തില്‍ വര്‍ഗീയ നിറം ചാര്‍ത്തി ബിജെപി മുന്നോട്ട് വന്നതോടെ ഡിജെബി സര്‍ക്കുലര്‍ പിന്‍വലിക്കുകയായിരുന്നു.

'ഒരു വശത്ത്, ഡല്‍ഹിയിലെ ആയിരക്കണക്കിന് കച്ചവടക്കാര്‍ നവരാത്രി സമയത്ത് മദ്യത്തിന് 25 ശതമാനം കിഴിവ് നല്‍കി ലഹരി വിതരണം ചെയ്യുന്നു. മറുവശത്ത്, ഡല്‍ഹി ജല ബോര്‍ഡ് ജീവനക്കാര്‍ക്ക് റമദാനില്‍ നമസ്‌കരിക്കാന്‍ ജോലിയില്‍ നിന്ന് 2 മണിക്കൂര്‍ അവധി നല്‍കിയിട്ടുണ്ട്. ഇത് പ്രീണനമല്ലെങ്കില്‍ പിന്നെ എന്താണ്? എന്നായിരുന്നു ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്തയുടെ ട്വീറ്റ്.

Tags: