'മുഖ്യമന്ത്രി മയത്തില്‍ തള്ളണം'; സഭയില്‍ ചിരിപടര്‍ത്തി ചെന്നിത്തലയുടെ പരിഹാസം

മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ ഇപ്പോള്‍ തന്നെ പി ആര്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന് പുറമെ സ്വയം പുകഴ്ത്തല്‍ ആവശ്യമുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.

Update: 2021-01-14 09:20 GMT

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം സ്വയം പുകഴ്ത്തലാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ തള്ള് അല്‍പം കൂടിപ്പോയെന്നും പിറകില്‍ നില്‍ക്കുന്ന ആളെ കൊണ്ട് തള്ളിക്കുന്നതാണ് മാന്യതയെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. അടിയന്തര പ്രമേയ നോട്ടിസിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയെ സൂചിപ്പിച്ചുകൊണ്ട് ചെന്നിത്തലയുടെ പരിഹാസം. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്രയും വലിയ തള്ള് വേണ്ടിയിരുന്നില്ലെന്നും കുറച്ചൊക്കെ മയത്തില്‍ ആകാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ ഇപ്പോള്‍ തന്നെ പി ആര്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന് പുറമെ സ്വയം പുകഴ്ത്തല്‍ ആവശ്യമുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.

'പാര്‍ട്ടിക്കകത്ത് ഗ്രൂപ്പ് കളിച്ച് വി.എസ് അച്യുതാനന്ദനെ ഒതുക്കിയ പിണറായി വിജയനാണ് കോണ്‍ഗ്രസിനെതിരെ ഗ്രൂപ്പ് കളി ആക്ഷേപം ഉന്നയിക്കുന്നത്. ഗ്രൂപ്പുകളിയുടെ ആശാനാണ് പിണറായി' ചെന്നിത്തല പറഞ്ഞു. ലാവ്‌ലിനില്‍ പിണറായി ബിജെപിയുമായി അന്തര്‍ധാരയുണ്ടാക്കിയെന്നും ധാരണയുടെ ഭാഗമായിട്ടാണ് കേസ് 20 വട്ടം മാറ്റിയതെന്നും ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് കടന്നാക്രമിച്ചത്.

Tags: