മണ്ണും മനസ്സും നാഥനിലേക്ക്; ഇനി പുണ്യങ്ങളുടെ പൂക്കാലം

പകലുകളില്‍ അന്നപാനീയങ്ങള്‍ ഒഴിവാക്കി ദൈവവിചാരങ്ങളില്‍ അവര്‍ മുഴുകും. ദാന ധര്‍മങ്ങളും പുണ്യകര്‍മങ്ങളും നിറഞ്ഞ ആത്മവിചാരങ്ങളാല്‍ ജീവിതം സമ്പന്നമാക്കാനുള്ള അവസരമാണ് റമദാന്‍ വിശ്വാസികള്‍ക്കുനല്‍കുന്നത്.

Update: 2019-05-06 01:25 GMT

വിശുദ്ധ റമദാന്‍ പിറന്നു. കാപ്പാട് മാസപ്പിറവി ദര്‍ശിച്ചതോടെയാണ് കേരളത്തില്‍ ഖാദിമാര്‍ റമദാന്‍ ഉറപ്പിച്ചത്. ലോകമെമ്പാടുമുള്ള മുസ്‌ലിം വിശ്വാസികള്‍ ഇനി ഒരുമാസക്കാലം വ്രത വിശുദ്ധിയിലാവും. പകലുകളില്‍ അന്നപാനീയങ്ങള്‍ ഒഴിവാക്കി ദൈവവിചാരങ്ങളില്‍ അവര്‍ മുഴുകും. ദാന ധര്‍മങ്ങളും പുണ്യകര്‍മങ്ങളും നിറഞ്ഞ ആത്മവിചാരങ്ങളാല്‍ ജീവിതം സമ്പന്നമാക്കാനുള്ള അവസരമാണ് റമദാന്‍ വിശ്വാസികള്‍ക്കുനല്‍കുന്നത്.

ശരീരവും മനസും പ്രപഞ്ചസ്രഷ്ടാവിന്റെ കാരുണ്യത്തിനായി തുടിക്കുന്ന ദിനരാത്രങ്ങളാണ് ഇനി. ആത്മസമര്‍പ്പണത്തിന്റെ നിറവിലേക്ക് വിശ്വാസികള്‍ നടന്നുകയറുന്ന പുണ്യരാപ്പകലുകള്‍ ഭക്തിസാന്ദ്രമാക്കാന്‍ ദൈവഭവനങ്ങളും വിശ്വാസികളുടെ മനസും ദിവസങ്ങള്‍ക്കു മുമ്പേ തയ്യാറെടുത്തിരുന്നു. ഇനിയുള്ള ദിനരാത്രങ്ങളില്‍ തിന്‍മയെ ആട്ടിയോടിച്ച് നന്‍മപുണരാനുള്ള പരിശ്രമത്തിന്റേതാണ്. അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിച്ച് സ്വന്തം ഇച്ഛപ്രകാരം അനുഷ്ടിക്കുന്ന ആരാധനയാണ് നോമ്പ്. നോമ്പനുഷ്ടിക്കുന്ന വിശ്വാസി അല്ലാഹുവിന്റെ പ്രീതിയിലാവുന്നു. അവര്‍ ഇരുലോകത്തിലും വിജയിയായിതീരും. ആത്മനിയന്ത്രണമാണ് നോമ്പുകാലത്തിന്റെ സവിശേഷത. 'ഒരാള്‍ തെറ്റായ വാക്കും പ്രവര്‍ത്തിയും ഒഴിവാക്കാന്‍ തയ്യാറായില്ലെങ്കില്‍ അവന്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞതുകൊണ്ട് പടച്ചവന് ഒരാവശ്യവുമില്ല' എന്ന പ്രവാചകവചനം നോമ്പിന്റെ ഗൗരവത്തെ വെളിവാക്കുന്നുണ്ട്.

വിശുദ്ധ ഖുര്‍ആന്റെ അര്‍ഥമറിഞ്ഞുകൊണ്ട് അത് പാരായണം ചെയ്യാനും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പങ്കാളിയാവാനും ഈ മാസത്തില്‍ വിശ്വാസികള്‍ ശ്രദ്ധിക്കും. പകലന്തിയോളം അന്നപാനീയങ്ങളില്‍നിന്നും ലൗകീക സുഖങ്ങളില്‍നിന്നും മനസും ശരീരവും മുക്തമാക്കി വ്രതമനുഷ്ടിക്കുന്ന വിശ്വാസികള്‍ സാഹോദര്യത്തിന്റെയും അനുകമ്പയുടെയും മാതൃക ലോകത്തിന് കാട്ടിക്കൊടുക്കുന്നു. രാത്രിയില്‍ തറാവീഹ് നമസ്‌കാരങ്ങളിലൂടെ ഓരോ വിശ്വാസിയും അല്ലാഹുവിലേക്ക് സമര്‍പ്പിതരാവും. ഭൂമിയില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ആത്മഹര്‍ഷമായാണ് റമദാന്‍ ആഗതമാവുന്നത്. അതിരുവിട്ട ചിന്തകള്‍ സംസ്‌കരിക്കപ്പെടുകയും ചുണ്ടുകളില്‍ ദൈവീകസ്മരണ നിറയുകയും ചെയ്താല്‍ ആ വിശ്വാസി വിജയിച്ചവനായി. വിശപ്പും ദാഹവും അടക്കാന്‍ അല്ലാഹു നല്‍കിയ അളവറ്റ അനുഗ്രഹം ഓര്‍ക്കുന്നതോടൊപ്പം വിവിധ കാരണങ്ങളാല്‍ ജീവിതം കൊട്ടിയടക്കപ്പെടുന്ന മര്‍ദിതന്റെ വേദനകൂടി കാണാന്‍ ഒരു വിശ്വാസി ശ്രദ്ധിക്കേണ്ടതുണ്ട്. അതിലൂടെ ഒരു ഉത്തമ വിശ്വാസിക്കുമാത്രം അവകാശപ്പെട്ട റയ്യാനെന്ന സ്വര്‍ഗകവാടത്തിലൂടെ പ്രവേശിക്കുന്നവരുടെ കൂട്ടത്തിലേക്ക് ഓരോ നല്ലവിശ്വാസിയും കണ്ണി ചേര്‍ക്കപ്പെടും. 

Tags:    

Similar News