രാമക്ഷേത്രത്തിന് പണപ്പിരിവുമായി ആര്‍എസ്എസ്; ജനുവരി 15 മുതല്‍ കേരളത്തിലെ വീടുകളില്‍ കയറും

സംസ്ഥാനത്തെ മുഴുവന്‍ വീടുകളും കയറാനുള്ള പദ്ധതിയാണ് സംഘപരിവാര്‍ തയ്യാറാക്കുന്നത്. ക്ഷേത്ര നിര്‍മാണത്തിനായി രൂപീകരിച്ച രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ കൂപ്പണുകളും രസീതുമായാണ് വീടുകയറുന്നത്.

Update: 2020-12-24 09:49 GMT

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ പണപ്പിരിവുമായി ആര്‍എസ്എസ് ജനങ്ങളിലേക്ക് ഇറങ്ങുന്നു. ദേശീയതലത്തില്‍ നടക്കുന്ന കാംപയിന്റെ ഭാഗമായാണ് കേരളത്തിലും വീടുകളില്‍ കയറി പണം പിരിക്കുന്നത്. രാമക്ഷേത്ര നിര്‍മാണം രാഷ്ട്രീയ ആയുധമാക്കുന്നതിന്റെ ഭാഗമായാണ് വീടുകളില്‍ കയറിയുള്ള പണപ്പിരിവ്.

സംസ്ഥാനത്തെ മുഴുവന്‍ വീടുകളും കയറാനുള്ള പദ്ധതിയാണ് സംഘപരിവാര്‍ തയ്യാറാക്കുന്നത്. ക്ഷേത്ര നിര്‍മാണത്തിനായി രൂപീകരിച്ച രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ കൂപ്പണുകളും രസീതുമായാണ് വീടുകയറുന്നത്. ഇതിനായി തയ്യാറാക്കിയ ലഘുലേഖകള്‍ വീടുകളില്‍ വിതരണം ചെയ്യും.

ഇതിനായി ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സമിതിക്ക് രൂപം നല്‍കും. ജനുവരി ഏഴിന് സംസ്ഥാനതല സമിതി നിലവില്‍ വരും. സംഘപരിവാര്‍ നേതാക്കളെ ഉള്‍പ്പെടുത്തി പഞ്ചായത്ത്, ജില്ലാതലങ്ങളിലും കമ്മിറ്റികള്‍ രൂപീകരിക്കും. ഈ കമ്മിറ്റികളുടെ നിയന്ത്രണത്തിലായിരിക്കും പണപ്പിരിവ്. ഇതിനായി 10, 100, 1000 രൂപയുടെ കൂപ്പണുകള്‍ തയ്യാറാക്കിയിട്ടുണ്ട്. അതിന് മുകളിലേക്കുള്ള തുകയ്ക്ക് രസീതും ഉപയോഗിക്കും. രാജ്യത്ത് മുഴുവന്‍ ആസൂത്രണം ചെയ്തിട്ടുള്ള ഗൃഹസമ്പര്‍ക്കം ചില സംസ്ഥാനങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു.

Tags: