കൊറോണ ജാഗ്രത: വ്യാഴാഴ്ചത്തെ രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റി
രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച മാര്‍ച്ച് 31നു ശേഷം സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം പുതിയ തിയ്യതി പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റി. രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച മാര്‍ച്ച് 31നു ശേഷം സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം പുതിയ തിയ്യതി പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. തിരഞ്ഞെടുപ്പ് കമീഷണര്‍മാരായ അശോക് ലവാസയും സുശീല്‍ ചന്ദ്രയും യോഗത്തില്‍ പങ്കെടുത്തു. കൊവിഡ് പ്രതിരോധ ഭാഗമായി രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാവിധ ആള്‍ക്കുട്ടങ്ങളും സമ്മേളനങ്ങളും ആള്‍കൂട്ടങ്ങളും ഒഴിവാക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ എംഎല്‍എമാരുടെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും കൂടിച്ചേരല്‍ ഒഴിവാക്കുന്നതിനായി 26ന് നടത്താനിരുന്ന രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റുകയാണെന്നും കമ്മീഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
രാജ്യസഭയില്‍ കാലാവധി കഴിയുന്ന 18 സീറ്റുകളിലേക്കാണ് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ഒഴിവുവന്ന 55 രാജ്യസഭ സീറ്റുകളിലേക്ക് 17 സംസ്ഥാനങ്ങളില്‍ നിന്നായി നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇതില്‍ 37 സീറ്റുകളില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ബാക്കിയുള്ള 18 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുകയുമാണ് ചെയ്യേണ്ടത്.