രാജ്‌നാഥ് സിങ് രാജിഭീഷണി മുഴക്കി; മന്ത്രിസഭാ സമിതി വിജ്ഞാപനം തിരുത്തി

അമിത് ഷാ രണ്ട് പ്രധാന ഉപസമിതികളുടെ അധ്യക്ഷ സ്ഥാനത്തും എട്ടെണ്ണത്തില്‍ അംഗവുമാണ്

Update: 2019-06-07 02:29 GMT

ന്യൂഡല്‍ഹി: മന്ത്രിസഭാ ഉപസമിതികളുടെ പുനസംഘടനയില്‍ പ്രധാന സമിതികളില്‍ നിന്ന് തഴഞ്ഞതില്‍ പ്രതിഷേധിച്ച് രാജ്‌നാഥ് സിങ് രാജിഭീഷണി മുഴക്കിയതായി റിപോര്‍ട്ട്. ഇതിനു പിന്നാലെ, കേന്ദ്രസര്‍ക്കാര്‍ നേരത്തേ പുറത്തിറക്കിയ വിജ്ഞാപനം തിരുത്തി രാജ്‌നാഥ് സിങിനെ നാല് പ്രധാന ഉപസമിതികളില്‍ക്കൂടി അംഗമാക്കി. എട്ട് മന്ത്രിസഭാ സമിതികള്‍ രൂപീകരിച്ചപ്പോള്‍ രാജ്‌നാഥ് സിങിനെ രണ്ടെണ്ണത്തില്‍ മാത്രമാണ് അംഗമാക്കിയിരുന്നത്. ഇതില്‍ പ്രതിഷേധിച്ച് രാജ്‌നാഥ് സിങ് രാജിഭീഷണി മുഴക്കിയതോടെ കേന്ദ്ര സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. സാമ്പത്തിക കാര്യസമിതിയിലും സുരക്ഷാ സമിതിയിലും മാത്രം ഉള്‍പ്പെടുത്തിയിരുന്ന രാജ്‌നാഥ് സിങ് പ്രതിഷേധിച്ചതോടെ പാര്‍ലമെന്ററികാര്യ സമിതി, രാഷ്ട്രീയകാര്യസമിതി, നിക്ഷേപവും വളര്‍ച്ചയും വിലയിരുത്തുന്ന സമിതി, തൊഴില്‍ ശേഷി വികസന സമിതി എന്നിവയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മാത്രമല്ല, പാര്‍ലമെന്ററി കാര്യസമിതിയില്‍ അമിത് ഷായ്ക്കു പകരം രാജ്‌നാഥ് സിങിനെ അധ്യക്ഷനാക്കുകയും ചെയ്തിട്ടുണ്ട്. അമിത് ഷാ രണ്ട് പ്രധാന ഉപസമിതികളുടെ അധ്യക്ഷ സ്ഥാനത്തും എട്ടെണ്ണത്തില്‍ അംഗവുമാണ്. ഷാ അധ്യക്ഷനായ രണ്ടെണ്ണമൊഴികെ ബാക്കി എല്ലാ ഉപസമിതികളുടെയും അധ്യക്ഷന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. പാര്‍ലമെന്ററി കാര്യസമിതിയുടെ അധ്യക്ഷപദമായിരുന്നു ആദ്യം അമിത് ഷായ്ക്ക് നല്‍കിയ പ്രധാനചുമതല. പാര്‍ലമെന്റ് സമ്മേളനം എപ്പോള്‍ ചേരണമെന്നത് ഉള്‍പ്പെടെ സുപ്രധാന നിരവധി തീരുമാനങ്ങള്‍ എടുക്കുന്ന സമിതിയാണിത്.

    രാജ്യത്തെ പരമോന്നത ഉദ്യോഗസ്ഥരടക്കം ആരൊക്കെ ഏതൊക്കെ പദവികളിലിരിക്കണമെന്ന് നിര്‍ണയിക്കുന്ന നിയമനകാര്യസമിതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മാത്രമാണുള്ളത്. നേരത്തേ, കേന്ദ്രമന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്തപ്പോഴും അമിത് ഷായ്ക്കു സ്ഥാനം നല്‍കിയപ്പോള്‍ രാജ്‌നാഥിനെയാണ് തഴഞ്ഞത്. ഒന്നാം മോദി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന രാജ്‌നാഥ് സിങിന് ഇത്തവണ പ്രതിരോധവകുപ്പാണു നല്‍കിയത്. പകരം അമിത്ഷായ്ക്കാണ് ആഭ്യന്തരം നല്‍കിയത്.ഇതും അതൃപ്തിക്കിടയാക്കിയിരുന്നു.


Tags:    

Similar News