ശൈശവ വിവാഹം: മലക്കം മറിഞ്ഞ് രാജസ്ഥാന്‍ സര്‍ക്കാര്‍; വിവാദ ബില്ല് തിരിച്ചയക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടും
ശൈശവ വിവാഹങ്ങള്‍ 30 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് ബില്ല് വ്യവസ്ഥ ചെയ്യുന്നു. പ്രായപൂര്‍ത്തിയാവാത്തവരുടെ കാര്യത്തില്‍ അവരുടെ മാതാപിതാക്കളോ രക്ഷിതാക്കളോ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. ഒട്ടേറെ ബോധവല്‍ക്കരണങ്ങള്‍ക്കും കടുത്ത നടപടികള്‍ക്കും ശേഷം രാജ്യത്തുനിന്ന് തുടച്ചുനീക്കിയ ശൈശവ വിവാഹം വീണ്ടും കൊണ്ടുവരാനുള്ള നീക്കമാണ് നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭ പാസാക്കിയ ശെശവ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കുന്ന ബില്ല് പിന്‍വലിക്കാനൊരുങ്ങുന്നു. വിവാദ ബില്ലിനെതിരേ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് തീരുമാനത്തില്‍നിന്ന് പിന്‍മാറാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര പെണ്‍കുട്ടികളുടെ ദിനമായ തിങ്കളാഴ്ചയാണ് ബില്ല് തിരിച്ചയക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. നിയമസഭ പാസാക്കിയ ബില്ല് നിയമമാക്കുന്നതിന് ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയായിരുന്നു. 2009ലെ രാജസ്ഥാന്‍ നിര്‍ബന്ധിത വിവാഹ രജിസ്‌ട്രേഷന്‍ നിയമം ഭേദഗതി ചെയ്താണ് രാജസ്ഥാന്‍ നിര്‍ബന്ധിത വിവാഹ രജിസ്‌ട്രേഷന്‍ (ഭേദഗതി) ബില്‍ 2021 എന്ന പുതിയ നിയമം കഴിഞ്ഞമാസം നിയമസഭ പാസാക്കിയത്.
ശൈശവ വിവാഹങ്ങള്‍ 30 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് ബില്ല് വ്യവസ്ഥ ചെയ്യുന്നു. പ്രായപൂര്‍ത്തിയാവാത്തവരുടെ കാര്യത്തില്‍ അവരുടെ മാതാപിതാക്കളോ രക്ഷിതാക്കളോ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. ഒട്ടേറെ ബോധവല്‍ക്കരണങ്ങള്‍ക്കും കടുത്ത നടപടികള്‍ക്കും ശേഷം രാജ്യത്തുനിന്ന് തുടച്ചുനീക്കിയ ശൈശവ വിവാഹം വീണ്ടും കൊണ്ടുവരാനുള്ള നീക്കമാണ് നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ശൈശവ വിവാഹം നിയമവിധേയമാക്കുന്നതിനെതിരേ എതിര്‍പ്പുമായി ആക്ടിവിസ്റ്റുകളും രംഗത്തുവന്നു. സര്‍ക്കാര്‍ ഇതര സംഘടന ബില്ലിലെ ഭേദഗതി രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു.
സംസ്ഥാനത്ത് ശൈശവ വിവാഹം പൂര്‍ണമായി ഇല്ലാതാക്കുന്നതിന് ഇച്ഛാശക്തിയോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു. സംസ്ഥാനത്ത് ശൈശവ വിവാഹം നടക്കരുത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല എന്നതാണ് ഞങ്ങളുടെ ഉറച്ച തീരുമാനം- അദ്ദേഹം ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സുപ്രിംകോടതി നിര്‍ദേശത്തിന് ശേഷമാണ് ബില്ല് കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ശൈശവ വിവാഹങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണ കാരണം ബില്‍ തിരികെ നല്‍കാന്‍ ഞങ്ങള്‍ ഗവര്‍ണറോട് അഭ്യര്‍ഥിക്കുന്നു- അദ്ദേഹം പറഞ്ഞു.
അഭിഭാഷകരുടെ നിയമോപദേശത്തിന് ശേഷം ബില്ലുമായി മുന്നോട്ടുപോവണോ വേണ്ടയോ എന്ന് പരിഗണിക്കും- അന്താരാഷ്ട്ര പെണ്‍കുട്ടി ദിനത്തില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സപ്തംബര്‍ 17നാണ് പ്രതിപക്ഷ എംഎല്‍എമാരുടെ കടുത്ത എതിര്‍പ്പ് വകവയ്ക്കാതെ രാജസ്ഥാന്‍ നിയമസഭയില്‍ വിവാദ ബില്ല് പാസാക്കിയത്. 'ബാലവിവാഹത്തിന് പിന്‍വാതില്‍ പ്രവേശനം' നല്‍കിയെന്ന് ആരോപിച്ചാണ് പ്രതിപക്ഷം കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ രംഗത്തുവന്നത്. വധുവിന് 18 വയസ്സും വരന് 21 വയസ്സും താഴെയുമാണെങ്കില്‍ അവരുടെ മാതാപിതാക്കള്‍ വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം.
2009 ലെ നിയമത്തില്‍ പ്രായ മാനദണ്ഡം ഇരുവര്‍ക്കും 21 വയസ്സായിരുന്നു. അതേസമയം, പ്രതിപക്ഷം ഭേദഗതിയെ പൂര്‍ണമായും തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് പറഞ്ഞ് ബില്ലിനെ ന്യായീകരിക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ചെയ്തത്. ശൈശവ വിവാഹം സാധുവാക്കുന്നില്ലെന്നും എന്നാല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുകയാണ് ചെയ്യുന്നതെന്നുമാണ് പാര്‍ലമെന്ററി കാര്യ മന്ത്രി ശാന്തി ധരിവാള്‍ നിയമസഭയില്‍ പറഞ്ഞത്. മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാവാതെ ബിജെപി അംഗങ്ങള്‍ നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.

