വടക്കന്‍ ജില്ലകളില്‍ പെരുമഴ തുടരുന്നു: കൂടുതല്‍ ക്യാംപുകള്‍ തുറന്നു

അഞ്ചാം ദിവസവും മഴ ശക്തമായി തുടര്‍ന്ന കാസര്‍കോട് മധുവാഹിനി പുഴ കരകവിഞ്ഞൊഴുകി. ഇതേ തുടര്‍ന്ന് പുഴയോരത്തെ വീടുകള്‍ അപകടാവസ്ഥയിലാണ്. അധികൃതര്‍ ഇടപെട്ട് മൂന്നു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്.

Update: 2019-07-23 09:36 GMT

കോഴിക്കോട്: വെള്ളിയാഴ്ച്ച ആരംഭിച്ച മഴ വടക്കന്‍ കേരളത്തില്‍ നിര്‍ത്താതെ പെയ്യുന്നു. അഞ്ചാം ദിവസവും മഴ ശക്തമായി തുടര്‍ന്ന കാസര്‍കോട് മധുവാഹിനി പുഴ കരകവിഞ്ഞൊഴുകി. ഇതേ തുടര്‍ന്ന് പുഴയോരത്തെ വീടുകള്‍ അപകടാവസ്ഥയിലാണ്. അധികൃതര്‍ ഇടപെട്ട് മൂന്നു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്.

കാഞ്ഞങ്ങാട്, നീലേശ്വരം, പൂല്ലൂര്‍, പെരിയ, മധൂര്‍ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലാണ്. കാഞ്ഞങ്ങാട് ബെല്ലാ സ്‌കൂളിലും ചെങ്കളയിലും പുതിയ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങി. കണ്ണൂര്‍ ഇരിട്ടി മണിക്കടവില്‍ ഇന്നലെ ജീപ്പ് മറിഞ്ഞ് കാണാതായ ലതീഷിന്റെ മൃതദേഹം ഇന്ന് കിട്ടി.

കണ്ണൂര്‍ താവക്കരയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മാറ്റി പാര്‍പ്പിച്ച 85 പേര്‍ ഇപ്പോഴും ക്യാംപുകളില്‍ തുടരുകയാണ്. മഴ ശക്തമായതോടെ കോഴിക്കോട് കൊയിലാണ്ടിയില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ കൂടി തുറന്നു. 89 പേരെ ക്യാംപുകളിലേക്ക് മാറ്റി. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മലയോര മേഖലകളിലേക്കുളള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വയനാട്ടിലും മലപ്പുറത്തും ശക്തമായ മഴ തുടരുകയാണ്. എന്നാല്‍, ഇരു ജില്ലകളിലും ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അഞ്ച് ദിവസം പെരുമഴ പെയ്തതോടെ സംസ്ഥാനത്തെ മഴക്ഷാമം 27 ശതമാനമായി കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ എന്നീ അഞ്ച് ജില്ലകളില്‍ മഴക്കുറവ് പരിഹരിക്കപ്പെട്ടു. നാളെയോടെ കേരളത്തില്‍ മഴ കുറയുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം.

കേരളത്തിലെ പല ഡാമുകളിലും ജലനിരപ്പ് 70 ശതമാനത്തിന് മുകൡലെത്തിയിട്ടുണ്ട്. തിങ്കളാഴ്ച്ചത്തെ കണക്കുപ്രകാരം കുറ്റിയാടി(72.47), കാരാപ്പുഴ(84,86), മണിയാര്‍(99.17), നേര്യമംഗലം(80), ലോവര്‍ പെരിയാര്‍(83) എന്നിവയാണ് 70 ശതമാനത്തിന് മുകളില്‍ വെള്ളം ഉള്ള ഡാമുകള്‍. ചൊവ്വാഴ്ച്ച രാത്രി 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.5 മുതല്‍ 4.1 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര പരിസ്ഥിതി പഠന കേന്ദ്രം അറിയിച്ചു.  

Tags:    

Similar News