പൗരത്വ ഭേദ​ഗതി നിയമം: ബംഗാളിൽ റെയിൽവേ സ്റ്റേഷൻ സമുച്ചയത്തിന് പ്രക്ഷോഭകർ തീയിട്ടു

സുരക്ഷാ ഉദ്യോഗസ്ഥർ അസമിലെ ഒരു സ്വകാര്യ ടിവി ചാനലായ 'പ്രാഗ് ന്യൂസ്' ഓഫീസിലേക്ക് അതിക്രമിച്ച് കയറി ജീവനക്കാരെ ലാത്തി ഉപയോഗിച്ച് മർദ്ദിച്ചുവെന്ന് ചാനലിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

Update: 2019-12-13 12:56 GMT

മുർഷിദാബാദ്: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരേ പ്രതിഷേധം പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗ റെയിൽവേ സ്റ്റേഷൻ സമുച്ചയത്തിന് തീയിട്ടു. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആർപിഎഫ് ഉദ്യോഗസ്ഥരെ പ്രക്ഷോഭകർ മർദ്ദിച്ചു. ഭേദഗതി ചെയ്ത പൗരത്വ നിയമത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ജില്ലയിലെ നിരവധി സംഘടനകൾ ബഹുജന പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ സിആർ‌പി‌എഫ് ജവാൻ‌മാർ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ അസമിലെ ഒരു സ്വകാര്യ ടിവി ചാനലായ 'പ്രാഗ് ന്യൂസ്' ഓഫീസിലേക്ക് അതിക്രമിച്ച് കയറി ജീവനക്കാരെ ലാത്തി ഉപയോഗിച്ച് മർദ്ദിച്ചുവെന്ന് ചാനലിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അവർക്ക് ഒരു മാധ്യമ ഓഫീസിൽ പ്രവേശിക്കാൻ ഒരു അവകാശവുമില്ല. അസം പോലിസ് സംഭവത്തിൽ നിരുപാധികം മാപ്പ് പറയണമെന്നും മാനേജിംഗ് എഡിറ്റർ പ്രനോയ് ബോർഡോലോയ് പറഞ്ഞു.

അതേസമയം പ്രക്ഷോഭം കനത്തതിനെത്തുടർന്ന് ഞായറാഴ്ച ഷില്ലോങ്ങിലേക്കുള്ള യാത്ര ആഭ്യന്തരമന്ത്രി അമിത് ഷാ റദ്ദാക്കി. ഷില്ലോങ്ങിലെ പോലിസ് അക്കാദമി സന്ദർശിക്കേണ്ടിയിരുന്ന ആഭ്യന്തരമന്ത്രി പകരം നാളെയും തിങ്കളാഴ്ചയും ജാർഖണ്ഡ് സന്ദർശിക്കും. ഡൽഹിയിൽ വിദ്യാർഥികളുടെ പ്രതിഷേധത്തിന് നേരെ പോലിസ് നരനായാട്ട് നടത്തി. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികൾ ന്യൂഡൽഹിയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയാണ് അതിക്രമമുണ്ടായത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലിസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.

Tags:    

Similar News