കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ ഖത്തര്‍-തുര്‍ക്കി-താലിബാന്‍ ധാരണ

കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഭരണവും നടത്തിപ്പും സംബന്ധിച്ച് ഖത്തര്‍, തുര്‍ക്കി, അഫ്ഗാനിലെ ഇടക്കാല സര്‍ക്കാര്‍ എന്നിവയുടെ പ്രതിനിധികള്‍ നടത്തിയ ത്രികക്ഷി യോഗം വ്യാഴാഴ്ച ദോഹയില്‍ സമാപിച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Update: 2022-01-28 14:27 GMT

ദോഹ: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്നതിന് ഖത്തറും തുര്‍ക്കിയും താലിബാന്‍ നേതൃത്വത്തിലുള്ള രാജ്യത്തെ ഇടക്കാല സര്‍ക്കാരും 'പല സുപ്രധാന വിഷയങ്ങളിലും' ധാരണയിലെത്തി.

കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഭരണവും നടത്തിപ്പും സംബന്ധിച്ച് ഖത്തര്‍, തുര്‍ക്കി, അഫ്ഗാനിലെ ഇടക്കാല സര്‍ക്കാര്‍ എന്നിവയുടെ പ്രതിനിധികള്‍ നടത്തിയ ത്രികക്ഷി യോഗം വ്യാഴാഴ്ച ദോഹയില്‍ സമാപിച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

'വിമാനത്താവളം എങ്ങനെ കൈകാര്യം ചെയ്യാമെന്നും പ്രവര്‍ത്തിപ്പിക്കാമെന്നും സംബന്ധിച്ച നിരവധി പ്രധാന വിഷയങ്ങളില്‍ അവര്‍ ധാരണയിലെത്തി'-മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞയാഴ്ച കാബൂളില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ദോഹയിലെ കൂടിക്കാഴ്ചയെന്ന് മന്ത്രാലയം അറിയിച്ചു.അവസാനവട്ട ചര്‍ച്ചകള്‍ അടുത്തയാഴ്ച നടക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഗസ്തില്‍ താലിബാന്‍ അധികാരം ഏറ്റെടുത്തതിനെത്തുടര്‍ന്ന് കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. രാജ്യം വിടുന്നതിന് മുമ്പ് യുഎസ് സൈന്യം ഉപകരണങ്ങളും റഡാര്‍ സംവിധാനവും നശിപ്പിക്കുകയും ചെയ്തിരുന്നു.

2021 ഡിസംബര്‍ അവസാനത്തില്‍,കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളം സംയുക്തമായി പ്രവര്‍ത്തിപ്പിക്കാന്‍ തുര്‍ക്കിയും ഖത്തറും സമ്മതിച്ചതായി നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് അനദോളു വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തിരുന്നു. ഇരു രാജ്യങ്ങളിലെയും കമ്മിറ്റികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം തുര്‍ക്കി, ഖത്തര്‍ കമ്പനികള്‍ തമ്മില്‍ തുല്യ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തില്‍ സഹകരിച്ച് വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്നതിന് ധാരണാപത്രം ഒപ്പുവച്ചെന്നായിരുന്നു റിപോര്‍ട്ട്.

Tags: