ബന്ധം ഊട്ടിയുറപ്പിച്ച് ഖത്തറും കുവൈത്തും; അഞ്ചു ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു

കഴിഞ്ഞ ദിവസം സമാപിച്ച ഖത്തര്‍ കുവൈത്ത് സംയുക്ത സഹകരണ ഉന്നതാധികാര സമിതിയുടെ അഞ്ചാമത് സെഷനിലാണ് വിവിധ മേഖലകളില്‍ ധാരണപത്രം ഒപ്പ് വെച്ചത്.

Update: 2020-11-20 12:29 GMT

ദോഹ: ഖത്തറും കുവൈത്തും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി അഞ്ച് ധാരണാപത്രങ്ങളില്‍ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചു. കഴിഞ്ഞ ദിവസം സമാപിച്ച ഖത്തര്‍ കുവൈത്ത് സംയുക്ത സഹകരണ ഉന്നതാധികാര സമിതിയുടെ അഞ്ചാമത് സെഷനിലാണ് വിവിധ മേഖലകളില്‍ ധാരണപത്രം ഒപ്പ് വെച്ചത്.

വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ ഖത്തര്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ മുഹമ്മദ് അല്‍ താനിയും കുവൈത്തിന്റെ വിദേശകാര്യ മന്ത്രിയും ആക്ടിംഗ് ഇന്‍ഫര്‍മേഷന്‍ മന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബയും മോഡറേറ്റര്‍മാരായിരുന്നു.

വിവിധ മേഖലകളില്‍ കൂടുതല്‍ സമന്വയം കൈവരിക്കുന്നതിനായി സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഇരുകക്ഷികളും ചര്‍ച്ച ചെയ്തു. പൊതു താല്‍പര്യ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. നേരിട്ടുള്ള നിക്ഷേപം, സിവില്‍ സര്‍വീസ് ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഡെവലപ്‌മെന്റ്, ഇസ്ലാമികകാര്യം, കാര്‍ഷിക മേഖല, റോഡ് വികസനം തുടങ്ങിയ നേഖലകളിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കിക്കൊണ്ട് ധാരണ പത്രങ്ങളില്‍ ഒപ്പ് വെച്ചത്.

ഖത്തറിനായി ശൈഖ് മുഹമ്മദ് ആല്‍ഥാനിയും, കുവൈത്തിന് വേണ്ടി ശൈഖ് ഡോ. അഹ്മദ് നാസര്‍ അസ്സബാഹുമാണ് ഒപ്പ് വെച്ചത്. കുവൈത്ത് ഭരണാധികാരി ശൈഖ് സബാഹ് അല്‍ ജാബിര്‍ അസ്സബാഹിന്റെ നിര്യാണത്തില്‍ ഖത്തര്‍ ഉപപ്രധാന മന്ത്രി യോഗത്തില്‍ അനുശോചിച്ചു. ഒരു പിതാവിനെയും ശക്തനായ ഒരു നേതാവിനെയുമാണ് നമ്മുടെ മേഖലക്ക് നഷ്ടമായതെന്നും സ്വന്തം രാജ്യത്തിനും അതിലുപരി അറബ്, ഇസ്ലാമിക ലോകത്തിനും വേണ്ടി ജീവിതം ത്യജിച്ച ഉന്നത വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹമെന്നും ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ആല്‍ഥാനി പറഞ്ഞു.

Tags:    

Similar News