കറന്‍സിയിലെ ഗാന്ധിയെ മാറ്റി സവര്‍ക്കറുടെ ചിത്രം നല്‍കണം: വിവാദ പ്രസ്താവനയുമായി ഹിന്ദുമഹാസഭ

സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്നും സംഘടനാ അധ്യക്ഷന്‍ സ്വാമി ചക്രപാണി ആവശ്യപ്പെട്ടു. സവര്‍ക്കറുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഹിന്ദുമഹാസഭ ഈ വിചിത്ര ആവശ്യമുയര്‍ത്തിയത്.

Update: 2019-05-31 05:29 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ കറന്‍സിയില്‍നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റി പകരം സവര്‍ക്കറുടെ ചിത്രം നല്‍കണമെന്ന വിവാദ പ്രസ്താവനയുമായി ഹിന്ദുമഹാസഭ. സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്നും സംഘടനാ അധ്യക്ഷന്‍ സ്വാമി ചക്രപാണി ആവശ്യപ്പെട്ടു. സവര്‍ക്കറുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഹിന്ദുമഹാസഭ ഈ വിചിത്ര ആവശ്യമുയര്‍ത്തിയത്.

സവര്‍ക്കര്‍ നടത്തിയ ത്യാഗങ്ങള്‍ രാജ്യത്തിനു വേണ്ടി സവര്‍ക്കര്‍ നടത്തിയ ത്യാഗങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് സംഘടന ഉപാധ്യക്ഷന്‍ അശോക് ശര്‍മ്മ, അഭിഷേക് അഗര്‍വാള്‍ എന്നിവര്‍ പറഞ്ഞു. സ്വാതന്ത്ര സമരകാലത്ത് മതേതരത്വ സങ്കല്‍പ്പങ്ങളുള്ള കോണ്‍ഗ്രസിലേക്ക് ഹിന്ദുക്കള്‍ ചേരുന്നതിന് തടയിടുക എന്ന ലക്ഷ്യത്തോടെ വിഡി സവര്‍ക്കറിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സംഘടനയാണ് അഖില ഭാരത ഹിന്ദു മഹാസഭ. ഗാന്ധി വധത്തോടെയാണ് ഹിന്ദുമഹാസഭ കുപ്രസിദ്ധിയാര്‍ജിച്ചത്. ഗാന്ധിജിയെ വെടിവെച്ചു കൊന്ന നാഥുറാം ഗോഡ്‌സേയും കുട്ടാളികളും ഹിന്ദുമഹാസഭയുടെ അംഗമാണെന്നും സവര്‍ക്കറിന്റെ അനുയായികളാണെന്നും പോലിസ് കണ്ടെത്തിയിരുന്നു. പിന്നീട് പലപ്പോഴും ഗാന്ധിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഹിന്ദുമഹാസഭ വാര്‍ത്തകളില്‍ ഇടം പിടിച്ചു.

സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ കത്തി സമ്മാനിച്ചതും വിവാദമായിട്ടുണ്ട്. പത്താം ക്ലാസിലെയും പ്ലസ് വണ്ണിലെയും വിദ്യാര്‍ഥികള്‍ക്കാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവ് പൂജ പാണ്ഡേ സമ്മാനമായി കത്തി നല്‍കിയത്. ഭഗവത് ഗീതക്കൊപ്പമാണ് കത്തിയും കുട്ടികള്‍ക്ക് സമ്മാനിച്ചത്.

Tags:    

Similar News