ഫലസ്തീനെ ഭൂപടത്തില്‍ തിരികെവയ്ക്കുക: ഗൂഗ്‌ളിനോടും ആപ്പിളിനോടും മഡോണ

ഗൂഗ്ള്‍ ഭൂപടത്തില്‍നിന്ന് ഫലസ്തീനെ നീക്കം ചെയ്തതിനെതിരേ അവര്‍ പ്രതിഷേധമുയര്‍ത്തിയതായും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നു.

Update: 2020-08-21 14:32 GMT

വാഷിങ്ടണ്‍: നീക്കം ചെയ്ത ഫലസ്തീന്‍ ഭൂപടം തിരികെകൊണ്ടുവരാന്‍ ഗൂഗ്‌ളിനോടും ആപ്പിളിനോടും ആവശ്യപ്പെട്ട് അമേരിക്കന്‍ ഗായികയും ഗാനരചയിതാവും നടിയുമായ മഡോണ. ഇന്‍സ്റ്റാഗ്രാമിലെ നിരവധി പോസ്റ്റുകളിലൂടെയാണ് അവര്‍ ഈ ആവശ്യമുയര്‍ത്തിയത്. ഗൂഗ്ള്‍ ഭൂപടത്തില്‍നിന്ന് ഫലസ്തീനെ നീക്കം ചെയ്തതിനെതിരേ അവര്‍ പ്രതിഷേധമുയര്‍ത്തിയതായും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നു.

ഗൂഗഌന്റെ തീരുമാനം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് പത്തുലക്ഷത്തിലധികം പേര്‍ ഒപ്പുവച്ച ഓണ്‍ലൈന്‍ കാംപയിന്‍ ശക്തമായി മുന്നോട്ട് പോവുന്നതിനിടെയാണ് ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി മഡോണയെത്തിയത്. ഇസ്രായേല്‍ സര്‍ക്കാരിന്റെ ഫലസ്തീന്‍ വംശീയ ഉന്‍മൂലനത്തിന് കുടപിടിക്കുന്നതാണ് ഗുഗഌന്റെ തീരുമാനമെന്ന് ഗൂഗഌനെതിരായ ഓണ്‍ലൈന്‍ കാംപയിന്‍ കുറ്റപ്പെടുത്തുന്നു. ഇസ്രായേല്‍ സ്ഥാപിതമായി ഫലസ്തീന്‍ ഭൂമിയിലാണെന്നത് വ്യക്തമായി ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. പക്ഷെ ഫലസ്തീന്‍ ഗൂഗ്ള്‍ മാപ്പില്‍ ദൃശ്യമാകുന്നില്ല. ഇത് എന്തു കൊണ്ടാണെന്നും പരാതിക്കാര്‍ ചോദിക്കുന്നു.

ഗുഗ്‌ളും ആപ്പിളും ഫലസ്തീനെ അവരുടെ ഭൂപ്പടങ്ങളില്‍നിന്ന് ഔദ്യോഗികമായി നീക്കം ചെയ്തു എന്ന പരാമര്‍ശത്തോടെ ഫലസ്തീന്‍ കാണാതായതുമായി ബന്ധപ്പെട്ട് ഭൂപടത്തിന്റെ ഒരു ചിത്രം മഡോണ പങ്കിട്ടതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളിലൊന്ന്.

Tags: