പഞ്ചാബില്‍ സായുധാക്രമണ പദ്ധതി തകര്‍ത്തെന്ന് പോലിസ്; നാലു പേര്‍ അറസ്റ്റില്‍

ബല്‍വന്ത് സിങ്, ആകാശ് ദീപ്, ഹര്‍ഭജന്‍ സിങ്, ബല്‍ബീര്‍ സിങ് എന്നിവരാണ് പിടിയിലായത്. പിടികൂടിയവരില്‍ നിന്നും എകെ 47 റൈഫിളുകളും പിസ്റ്റളുകളും ഉള്‍പ്പെടെ വന്‍ ആയുധശേഖരം പിടിച്ചെടുത്തതായും പോലിസ് അവകാശപ്പെട്ടു.

Update: 2019-09-23 09:10 GMT

ന്യൂഡല്‍ഹി: പാകിസ്താനിലും നിന്നും ഡ്രോണ്‍ വഴി ആയുധങ്ങള്‍ എത്തിച്ച് ഇന്ത്യയില്‍ ആക്രമണം നടത്താനുള്ള പദ്ധതി പരാജയപ്പെടുത്തിയെന്ന് പഞ്ചാബ് പോലിസ്. നിരോധിത സംഘടനയായ ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സാണ് ആക്രമണങ്ങള്‍ക്കായി പദ്ധതിയൊരുക്കിയത്. പഞ്ചാബിലെ താന്‍ തരാന്‍ ജില്ലയില്‍ നിന്ന് നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലും സമീപ സംസ്ഥാനങ്ങളിലും ആക്രമണങ്ങള്‍ നടത്താനായിരുന്നു പദ്ധതി.

ബല്‍വന്ത് സിങ്, ആകാശ് ദീപ്, ഹര്‍ഭജന്‍ സിങ്, ബല്‍ബീര്‍ സിങ് എന്നിവരാണ് പിടിയിലായത്. പിടികൂടിയവരില്‍ നിന്നും എകെ 47 റൈഫിളുകളും പിസ്റ്റളുകളും ഉള്‍പ്പെടെ വന്‍ ആയുധശേഖരം പിടിച്ചെടുത്തതായും പോലിസ് അവകാശപ്പെട്ടു.സാറ്റലൈറ്റ് ഫോണുകളും ഗ്രനേഡുകളും പിടിച്ചെടുത്തവയില്‍ പെടുന്നു. 10 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇന്ത്യപാക് അതിര്‍ത്തി മേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് ആയുധം എത്തിച്ചതെന്നാണ് പോലിസ് നിഗമനം. ഇതിനായി പാക് ചാരസംഘടനയായ ഐഎസ്‌ഐ ഒത്താശ നല്‍കിയതായും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു. ആകാശ് ദീപ്, ബല്‍വന്ത് സിങ് എന്നിവര്‍ക്കെതിപേ നിരവധി കേസുകള്‍ നിലവിലുണ്ട്.

ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സിന്റെ തലവന്‍ രഞ്ജിത് സിങ്ങും ജര്‍മനി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗുര്‍മീത് സിങ്ങുമാണ് സംസ്ഥാനത്ത് സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സംഭവമായതിനാല്‍ വിഷയം എന്‍ഐഎയ്ക്ക് കൈമാറിയതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു.

Tags:    

Similar News