കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നത് വരെ പുല്‍വാമകള്‍ തുടരുമെന്ന് ഫറൂഖ് അബ്ദുല്ല
ഇത്തരം സംഭവങ്ങളുടെ പേരില്‍ തങ്ങളെ കുറ്റപ്പെടുത്തുകയോ മര്‍ദ്ദിക്കുകയോ അരുത്. ഈ ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല. തങ്ങള്‍ ഭീകരതയുടെ ഭാഗവുമല്ല.-ഫറൂഖ് അബ്ദുല്ല വ്യക്തമാക്കി.

ശ്രീനഗര്‍: കശ്മീര്‍ പ്രശ്‌നം രാഷ്ട്രീയമായി പരിഹരിക്കുന്നത് വരെ പുല്‍വാമ പോലുള്ള ആക്രമണങ്ങള്‍ തുടരുമെന്ന് നാഷണല്‍ കോണ്‍ഫ്രന്‍സ് (എന്‍സി) പ്രസിഡന്റ് ഫറൂഖ് അബ്ദുല്ല. ആക്രമണത്തിന് ഉത്തരവാദി കശ്മീരി ജനതയല്ല. താഴ്‌വരയ്ക്കു പുറത്ത് കഴിയുന്ന കശ്മീരി വിദ്യാര്‍ഥികളെയും വ്യവസായികളെയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നടപടികളില്‍ അദ്ദേഹം കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.ജമ്മുവില്‍ കുടുങ്ങിക്കിടക്കുന്ന കശ്മീരികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്.
കഴിഞ്ഞ ദിവസം പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ 40ല്‍ അധികം സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. കശ്മീര്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നത് വരെ ഇത്തരത്തിലുള്ള ആക്രണമണം തുടരുമെന്നും ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്ക് കുറവു വരില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളുടെ പേരില്‍ തങ്ങളെ കുറ്റപ്പെടുത്തുകയോ മര്‍ദ്ദിക്കുകയോ അരുത്. ഈ ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല. തങ്ങള്‍ ഭീകരതയുടെ ഭാഗവുമല്ല. തങ്ങള്‍ക്ക് അന്തസോടെ ജീവിക്കുകയും പഠിക്കുകയും തങ്ങളുടെ അന്നം കണ്ടെത്തുകയു വേണം. കൊട്ടാരങ്ങള്‍ കെട്ടിപ്പടുക്കണമെന്ന് ആഗ്രഹമില്ല. സായുധ സംഘടനകളുമായി കശ്മീരികള്‍ക്ക് ബന്ധമില്ലെന്നും പുല്‍വാമ ആക്രമണത്തിന് തങ്ങളുത്തരവാദിയല്ലെന്നും അദ്ദേഹം പറഞ്ഞു.തങ്ങളിവിടെ നരക ജീവിതമാണ് നയിക്കുന്നത്. സംഭവിച്ചതിലൊന്നും തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ല. ഈത്തരം സംഘടനകളുമായി ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.