'പുല്‍വാമ ആക്രമണം ഗോധ്ര പോലെ ബിജെപിയുടെ മറ്റൊരു ഗൂഢാലോചന'

Update: 2019-05-02 04:17 GMT

അഹമ്മദാബാദ്: ഗോധ്ര പോലെ ബിജെപി ആസൂത്രണം ചെയ്ത മറ്റൊരു പദ്ധതിയാണ് പുല്‍വാമ ആക്രമണമെന്ന് മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കര്‍ സിങ് വഗേല. പുല്‍വാമ ആക്രമണത്തില്‍ ഉപയോഗിച്ച ആര്‍ഡിഎക്‌സ് നിറച്ച വാഹനത്തില്‍ ഗുജറാത്ത് രജിസ്‌ട്രേഷന്‍ അടയാളമായ ജിജെ എന്നീ അക്ഷരങ്ങളുണ്ടായിരുന്നുവെന്ന് ഇപ്പോള്‍ എന്‍സിപിയില്‍ പ്രവര്‍ത്തിക്കുന്ന വഗേല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ഭീകരതയെ ഉപയോഗപ്പെടുത്തുകയാണ് ബിജെപി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിരവധി ഭീകരാക്രമണങ്ങളാണു രാജ്യത്തു നടന്നത്. ബാലക്കോട്ട് വ്യോമാക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. 200 സായുധര്‍ കൊല്ലപ്പെട്ടുവെന്ന് ഒരു അന്താരാഷ്ട്ര മാധ്യമത്തിനും തെളിയിക്കാനായിട്ടില്ല. ബാലക്കോട്ട് വ്യോമാക്രമണവും ഒരു ആസൂത്രിത ഗൂഢാലോചനയാണ്-വഗേല പറഞ്ഞു.

പുല്‍വാമ ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും തടയാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ബാലക്കോട്ടിനെക്കുറിച്ച് നേരത്തേ വിവരമുണ്ടായിരുന്നുവെങ്കില്‍ എന്ത് കൊണ്ട് ആ ക്യാംപുകള്‍ക്കെതിരേ നടപടിയെടുത്തില്ല. പുല്‍വാമ പോലൊന്ന് സംഭവിക്കാന്‍ എന്ത് കൊണ്ട് കാത്തിരുന്നു-വഗേല ചോദിച്ചു.

മുഴുവന്‍ സംഭവങ്ങളിലും ബിജെപിക്ക് പങ്കുണ്ട്. തിരഞ്ഞെടുപ്പ് വിജയിക്കാന്‍ വേണ്ടി വിഭാഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയാണ് ബിജെപി. ഗുജറാത്ത് മോഡലെന്ന ബിജെപി അവകാശവാദം പൊള്ളയാണ്. സംസ്ഥാനം വലിയ പ്രതിസന്ധികള്‍ നേരിടുകയാണ്. പാര്‍ട്ടിയുടെ പോക്കില്‍ ബിജെപി നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നും വഗേല ചൂണ്ടിക്കാട്ടി. 

Tags: