പുല്‍വാമ: സ്‌ഫോടന വസ്തുക്കള്‍ വാങ്ങിയത് ആമസോണില്‍ നിന്നെന്ന് എന്‍ഐഎ

അമോണിയം നൈട്രേറ്റ്, നിട്രോ ഗ്ലിസറിന്‍, ആര്‍ഡിഎക്‌സ് എന്നിവ ഉപയോഗിച്ചാണ് പുല്‍വാമ ആക്രമണം നടത്തിയത് എന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു.

Update: 2020-03-07 06:06 GMT

ന്യൂഡല്‍ഹി: 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപെട്ട പുല്‍വാമ ആക്രമണത്തില്‍ ഉപയോഗിച്ചസ്‌ഫോടന വസ്തു വാങ്ങിയത് ആമസോണില്‍ നിന്നെന്ന് റിപോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് എന്‍ഐഎ ഇന്നലെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ ഒരാഴ്ചയ്ക്കിടെ 5 പേരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.

ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് അക്കൗണ്ട് ഉപയോഗിച്ചാണ് സ്‌ഫോടന നിര്‍മാണത്തിന് ആവശ്യമായ രാസവസ്തുക്കള്‍ വാങ്ങിയതെന്നാണ് എന്‍ഐഎ നല്‍കുന്ന വിശദീകരണം. ജയ്‌ശെ മുഹമ്മദ് സംഘടനയുടെ നിര്‍ദേശപ്രകാരം ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) നിര്‍മ്മിക്കുന്നതിനു രാസവസ്തുക്കള്‍, ബാറ്ററികള്‍, മറ്റ് സാധനങ്ങള്‍ എന്നിവ ശേഖരിക്കാന്‍ താന്‍ ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് അക്കൗണ്ട് ഉപയോഗിച്ചതായി പ്രാഥമിക ചോദ്യം ചെയ്യലില്‍ അറസ്റ്റിലായ വൈസുല്‍ ഇസ്‌ലാം വെളിപ്പെടുത്തിയതായി അന്വേഷേണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുവരെയും ഇന്ന് ജമ്മുവിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. അമോണിയം നൈട്രേറ്റ്, നിട്രോ ഗ്ലിസറിന്‍, ആര്‍ഡിഎക്‌സ് എന്നിവ ഉപയോഗിച്ചാണ് പുല്‍വാമ ആക്രമണം നടത്തിയത് എന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു.

2019 ഫെബ്രുവരി 14നാണ് 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. കശ്മീരിലെ പുല്‍വാമ ജില്ലയിലെ ലാത്‌പോരയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് മലയാളിയടക്കം 40 പേര്‍ക്ക് ജീവന്‍ നഷ്ടമായത്.

Tags:    

Similar News