കണ്ണൂര്‍ ജില്ലയെ കുരുതിക്കളമാക്കാനുള്ള നീക്കത്തില്‍നിന്ന് സിപിഎം പിന്‍മാറണം: എസ് ഡിപിഐ

Update: 2021-04-07 15:44 GMT

കണ്ണൂര്‍: കടവത്തൂരിനടുത്ത മുക്കില്‍പീടികയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അപലപിച്ചു. ജില്ലയെ വീണ്ടും അശാന്തിയിലേക്ക് തള്ളിവിടാനുള്ള ബോധപൂര്‍വമായ ശ്രമമായാണ് മുക്കില്‍പീടികയിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. അയല്‍വാസികളായ ആളുകളുടെ മുമ്പില്‍ വച്ച് അരുംകൊല നടത്തുക മാത്രമല്ല, അവിടെയുള്ള സ്ത്രീകളെ ഉള്‍പ്പെടെ ഭയപ്പെടുത്താന്‍ ബോബ് എറിഞ്ഞതിലൂടെ ആസൂത്രിത കൊലപാതകമാണെന്ന് ഏവര്‍ക്കും ബോധ്യമാവും. തിരഞ്ഞെടുപ്പ് ദിവസം അക്രമങ്ങള്‍ അരങ്ങേറിയിട്ടും പോലിസ് വേണ്ടത്ര ജാഗ്രത കാണിക്കാത്തതു കൊണ്ടാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ പരസ്പരം കൊലവിളി നടത്തുന്നത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കും. സമാധാനം ആഹ്വാനം ചെയ്യുന്ന നേതാക്കള്‍ തന്നെ അണികളെ പ്രകോപന പ്രസംഗത്തിലൂടെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നു. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണം. അക്രമത്തിന് കോപ്പുകൂട്ടുന്നവര്‍ക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കാന്‍ പോലിസ് തയ്യാറാവണമെന്നും എ സി ജലാലുദ്ദീന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Pullookkara Mansoor murder: SDPI condemned

Tags:    

Similar News