ബിഹാറില്‍ തലയറുത്ത നിലയില്‍ കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തി; പ്രതിഷേധവുമായി ജനം തെരുവില്‍
ഡിസംബര്‍ 28നാണ് പെണ്‍കുട്ടിയെ കാണാതായത്. ജനുവരി ആറിനാണ് വീടിനു സമീപത്തു നിന്ന് അഴുകിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായതിനു പിന്നാലെ പരാതി നല്‍കിയിരുന്നുവെങ്കിലും പോലിസ് അവഗണിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
പട്‌ന: ബിഹാറില്‍ തലയറുത്ത് മാറ്റപ്പെട്ട നിലയില്‍ 16 കാരിയുടെ മൃതദേഹം കണ്ടെത്തി. കൂടാതെ, മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കുകയും മാറിടം വെട്ടിപ്പൊളിച്ച നിലയിലുമാണ്. പട്‌നയില്‍ നിന്ന് 111 കിലോമീറ്റര്‍ അകലെ ഗയയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം. സംഭവത്തില്‍ പോലിസ് അലംഭാവം കാട്ടുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിനു പേരാണ് സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ തെരുവിലിറങ്ങിയത്.
ഡിസംബര്‍ 28നാണ് പെണ്‍കുട്ടിയെ കാണാതായത്. ജനുവരി ആറിനാണ് വീടിനു സമീപത്തു നിന്ന് അഴുകിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായതിനു പിന്നാലെ പരാതി നല്‍കിയിരുന്നുവെങ്കിലും പോലിസ് അവഗണിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. കുട്ടി ബലാല്‍സംഗത്തിന് ഇരയായതായും കുടുംബം ആരോപിച്ചു. എന്നാല്‍, എന്നാല്‍ ദുരഭിമാനക്കൊലയാണെന്നും കുടുംബത്തിന്റെ നിലപാടില്‍ സംശയമുണ്ടെന്നും പോലിസ് പറയുന്നു.
28ന് പെണ്‍കുട്ടിയെ കാണാതായി എന്ന് പരാതി ലഭിച്ചെങ്കിലും ഡിസംബര്‍ 31ന് പെണ്‍കുട്ടി തിരിച്ചെത്തിയെന്ന് മാതാവും സഹോദരിയും അറിയിച്ചതായി പോലിസ് ഓഫിസര്‍ രാജീവ് മിശ്ര പറയുന്നു. അന്ന് രാത്രി പത്തിന് കുട്ടിയുടെ പിതാവ് അവര്‍ക്കറിയുന്ന ഒരാളുടെ കൂടെ അവളെ പറഞ്ഞയച്ചതായും പോലിസ് പറയുന്നു. കുട്ടിയെ കൂട്ടിപ്പോയ ആളെ പോലിസ് പിടികൂടിയിട്ടുണ്ട്. ഇരുവരും ഒരുമിച്ച് പോയെന്ന് സമ്മതിച്ച പ്രതി കൊലപാതകത്തെ കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കുന്നു. എന്നാല്‍, പ്രതികളെന്ന് സംശയിക്കുന്നവരുമായി ഇയാള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ഫോണ്‍ വിവരങ്ങള്‍ നല്‍കുന്ന സൂചന. പെണ്‍കുട്ടി ബലാത്‌സംഗത്തിനിരയായോ എന്നറിയാന്‍ പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടിന് കാത്തിരിക്കുകയാണെന്നും പോലിസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ കുടുംബത്തിലുള്ള തര്‍ക്കമാണ് സംഭവത്തിലേക്ക് നയിച്ചത് എന്നാണ് പോലിസ് കരുതുന്നത്. ദുരഭിമാന കൊലയാണോ എന്നും പരിശോധിക്കുന്നുണ്ട്. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോലിസ് അറിയിച്ചു.
