കേരളത്തില്‍ വരാന്‍ 60 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന നിര്‍ദേശം; കര്‍ണാടകയ്‌ക്കെതിരേ മഅ്ദനി സുപ്രിംകോടതിയില്‍

Update: 2023-04-27 08:53 GMT
ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച് കേരളത്തില്‍ വരാനുള്ള സുരക്ഷാ ചെലവിനത്തില്‍ 60 ലക്ഷം രൂപ മുന്‍കൂറായി കെട്ടിവയ്ക്കണമെന്ന കര്‍ണാടക പോലിസിന്റെ നിര്‍ദേശത്തിനെതിരേ അബ്ദുന്നാസിര്‍ മഅ്ദനി സുപ്രിംകോടതിയെ സമീപിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ മുഖേനയാണ് തുകയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. 20 അംഗ ടീമിനെ സുരക്ഷക്കായി നിയോഗിച്ചതിലും ഇളവ് വേണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ പ്രത്യേക അപേക്ഷ നല്‍കാനും കര്‍ണാടക സര്‍ക്കാരിന് ഒരു പകര്‍പ്പ് നല്‍കാനും ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ബെംഗളൂരു സ്‌ഫോടന കേസില്‍ സുപ്രിംകോടതി അനുവദിച്ച ജാമ്യത്തില്‍ ബെംഗളൂരുവില്‍ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യാവസ്ഥ വഷളായതോടെ നാട്ടില്‍ ചികില്‍സ തുടരാനും അസുഖബാധിതനായ പിതാവിനെ സന്ദര്‍ശിക്കാനുമായാണ് ജാമ്യ ഇളവ് തേടിയത്. തുടര്‍ന്ന് ജൂലൈ എട്ടു വരെ സുപ്രിംകോടതി ജാമ്യത്തില്‍ ഇളവ് നല്‍കുകയും കേരളത്തില്‍ പോവാന്‍ അനുമതി നല്‍കുകയും ചെയ്തു.

    തുടര്‍ന്ന് കോടതി ഉത്തരവുമായി സിറ്റി പോലിസ് കമീഷണറെ കണ്ട് മഅ്ദനിയുടെ യാത്രാവിശദാംശങ്ങള്‍ നല്‍കിയെങ്കിലും മഅ്ദനി താമസിക്കുന്ന സ്ഥലങ്ങള്‍ ഉന്നത പോലിസ് സംഘം സന്ദര്‍ശിച്ച് റിപോര്‍ട്ട് സമര്‍പ്പിച്ചാലേ അനുമതി നല്‍കാനാവൂ എന്ന് അറിയിക്കുകയായിരുന്നു. ഏപ്രില്‍ 19ന് കേരളത്തിലെത്തിയ കര്‍ണാടക പോലിസ്, മഅ്ദനിയുടെ എറണാകുളത്തെ വസതിയിലും കൊല്ലം അന്‍വാര്‍ശ്ശേരിയിലും പിതാവ് താമസിക്കുന്ന കുടുംബ വീട്ടിലും ഉമ്മയുടെ ഖബര്‍സ്ഥാനിലും പരിശോധന നടത്തി 20ന് തിരിച്ചെത്തി റിപോര്‍ട്ട് സമര്‍പ്പിച്ചു. ആറ് മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം അകമ്പടി വരുന്ന 20 പോലിസുകാരുടെ ചെലവിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി തിങ്കളാഴ്ച രാത്രിയാണ് മഅ്ദനിക്ക് കമീഷണര്‍ കത്ത് നല്‍കിയത്. മഅ്ദനിയുടെ കൂടെ അകമ്പടിക്കായി 20 പോലിസുകാരെ നിയോഗിക്കുകയും 82 ദിവസത്തെ ഇവരുടെ ചെലവിലേക്കായി 60 ലക്ഷത്തോളം രൂപ മുന്‍കൂറായി കെട്ടിവയ്ക്കണമെന്നുമാണ് നിര്‍ദേശം. 18 ശതമാനം ജിഎസ്ടി തുകയായി 2.67 ലക്ഷവും സേവന നികുതിയായി 1.48 ലക്ഷവും ഇതില്‍ ഉള്‍പ്പെടും. ഇതിന് പുറമെ, താമസവും ഭക്ഷണവും അടക്കമുള്ള മറ്റ് അനുബന്ധ ചെലവുകള്‍ വഹിക്കണമെന്നും വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. ആകെ ഒരു കോടിയോളം രൂപ വേണ്ടിവരുമെന്നാണ് നിഗമനം. സുപ്രിംകോടതി നല്‍കിയ ഇളവ് അട്ടിമറിക്കാനാണ് കര്‍ണാടക പോലിസ് ശ്രമിക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്.

Tags:    

Similar News