പൗരത്വ പ്രക്ഷോഭങ്ങള്‍ തകര്‍ക്കാന്‍ ബിജെപി തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു: പ്രഫ. മുഹമ്മദ് സുലൈമാന്‍

പോപുലര്‍ഫ്രണ്ടും എസ്ഡിപിഐയും പൗരത്വ പ്രക്ഷോഭ സമരങ്ങളില്‍ സജീവ സാന്നിധ്യമാണ്. ഉത്തര്‍പ്രദേശില്‍ ഉള്‍പ്പടെ അവര്‍ സമര രംഗത്ത് വളരെ ശക്തമായി തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.

Update: 2020-02-18 09:39 GMT

മലപ്പുറം: പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ പോപുലര്‍ഫ്രണ്ടും എസ്ഡിപിഐയുമാണെന്ന് അമിത്ഷായും യുപി മുഖ്യമന്ത്രി യോഗിയും ആരോപിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം പരത്താനാണെന്ന് ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാന്‍. തിരൂര്‍ പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പൗരത്വ പ്രക്ഷോഭങ്ങളുടെ പിന്നില്‍ പോപുലര്‍ ഫ്രണ്ടും എസ്ഡിപിഐയുമാണെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത് ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാനും വര്‍ഗീയ ലക്ഷ്യത്തോടെയുമാണ്. പൗരത്വ പ്രക്ഷോഭം വലിയ ബഹുജന പ്രക്ഷോഭമായി മാറിയത് ബിജെപിയേയും കേന്ദ്രസര്‍ക്കാരിനേയും ഭയപ്പെടുത്തുന്നുണ്ട്. സമരങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് തെറ്റായ ആരോപണങ്ങള്‍. പോപുലര്‍ഫ്രണ്ടും എസ്ഡിപിഐയും പൗരത്വ പ്രക്ഷോഭ സമരങ്ങളില്‍ സജീവ സാന്നിധ്യമാണ്. ഉത്തര്‍പ്രദേശില്‍ ഉള്‍പ്പടെ അവര്‍ സമര രംഗത്ത് വളരെ ശക്തമായി തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. പോപുലര്‍ഫ്രണ്ടിന്റേയും എസ്ഡിപിഐയുടേയും പേര് പറഞ്ഞ് ഹിന്ദുത്വ പ്രീണനത്തിലൂടെ സമരത്തെ പൊളിക്കാമെന്നാണ് ബിജെപി കരുതുന്നത്. യുപി മുഖ്യമന്ത്രി യോഗി ഭരണകൂട ഭീകരതയിലൂടെ യുപിയില്‍ കിരാതമായ നടപടികളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. യോഗേന്ദ്രയാദവിനെ അറസ്റ്റ് ചെയ്ത യുപി സര്‍ക്കാര്‍ എന്നേയും വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയുണ്ടായി. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.

പൗരത്വ പ്രക്ഷോഭം രണ്ടാം സ്വാതന്ത്ര്യ സമരമാണ്. ഡല്‍ഹിക്ക് പിന്നാലെ ബീഹാറില്‍ നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിലും ബിജെപി പരാജയപ്പെടും. ഇന്ത്യയില്‍ ജനാധിപത്യം ശക്തമായി തിരിച്ചുവരും. പൗരത്വ പ്രക്ഷോഭ സമരങ്ങളില്‍ ഇടതുപക്ഷം ഏറെ നിര്‍ണായകമായ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരളം പ്രമേയം പാസാക്കിയതിനെ മാതൃകയാക്കി 13 സംസ്ഥാനങ്ങളാണ് പ്രമേയം പാസാക്കിയത്. പിണറായി വിജയന്‍ ഈ രംഗത്ത് വളരെ വലിയ മാതൃകയാണ് സൃഷ്ടിച്ചത്. അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്ന് മോദിക്കും അമിത്ഷാക്കും പിന്നോട്ട് പോകേണ്ടിവരുമെന്നുള്ള കാര്യം തീര്‍ച്ചയാണ്. ജനകീയ പ്രതിരോധത്തിന് മുന്നില്‍ പൗരത്വ ഭേദഗതി നിയമം പരാജയപ്പെടും. കോടതികളും ഏറെ പ്രതീക്ഷനിര്‍ഭരമായ വിധികളാണ് പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നത്. ഡല്‍ഹി കോടതിയും ബോംബേ ഹൈക്കോടതിയും പൗരത്വ പ്രക്ഷോഭം നടത്താനുള്ള ജനങ്ങളുടെ അവകാശത്തെ പിന്താങ്ങുന്ന വിധിയാണ് പുറപ്പെടുവിച്ചത്.

സര്‍ക്കാരുകള്‍ ഉണ്ടാക്കാന്‍ പോകുന്ന തടങ്കല്‍ പാളയങ്ങളിലേക്ക് മാര്‍ച്ച് നടത്താന്‍ ഐഎന്‍എല്‍ തീരുമാനിച്ചിട്ടുണ്ട്. യുവാക്കളുടേയും സ്ത്രീകളുടേയും കുട്ടികളുടേയും സാന്നിധ്യം കൊണ്ട് പൗരത്വ പ്രതിഷേധം വ്യാപകമാണ്. തെരുവുകളും കാംപസുകളും സംഘര്‍ഷപരിതമായി കൊണ്ടിരിക്കുകയാണ്. ഇത്രയും വലിയ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്ന് ബിജെപിപോലും കരുതിയിരുന്നില്ലെന്നും മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.

Tags: