ഇന്ത്യാഗേറ്റില്‍ നേതാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായാണ് പ്രതിമ അനാച്ഛാദനം നടന്നത്.28 അടി ഉയരവും 280 മെട്രിക് ടണ്‍ ഭാരവുമുള്ളതാണ് നേതാജിയുടെ പ്രതിമ.

Update: 2022-09-08 17:01 GMT

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഇന്ത്യാഗേറ്റില്‍ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായാണ് പ്രതിമ അനാച്ഛാദനം നടന്നത്.28 അടി ഉയരവും 280 മെട്രിക് ടണ്‍ ഭാരവുമുള്ളതാണ് നേതാജിയുടെ പ്രതിമ. ഇത് നിര്‍മിക്കുന്നതിനായി ശില്‍പികള്‍ ചെലവഴിച്ചത് 26,000 മണിക്കൂറുകളാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

നിര്‍മാണത്തിന് ആവശ്യമായ ഗ്രാനൈറ്റ് 1665 കിലോമീറ്റര്‍ അകലെ തെലങ്കാനയില്‍നിന്നാണ് ഡല്‍ഹിയിലെത്തിച്ചത്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച പ്രധാനമന്ത്രി നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരുമായി ആശയവിനിമയം നടത്തി. റിപ്ലബ്ലിക് ദിന പരേഡിന് സാക്ഷിയാകാന്‍ അവരെ ക്ഷണിക്കുമെന്ന് ഉറപ്പുനല്‍കി. സെന്‍ട്രല്‍ വിസ്തയുമായി ബന്ധപ്പെട്ട പ്രദര്‍ശന ഹാളും അദ്ദേഹം സന്ദര്‍ശിച്ചു.

അതിനിടെ രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള ചരിത്രപ്രധാന പാതയുടെ പേര് മാറ്റി. ബ്രിട്ടീഷ് ഭരണ കാലത്ത് കിങ്‌സ് വേ എന്ന് അറിയപ്പെട്ടിരുന്ന ഇവിടം സ്വാതന്ത്ര്യത്തിനു ശേഷമാണ് രാജ്പഥ് എന്ന് പുനര്‍നാമകരണം ചെയ്തത്. രാഷ്ട്രപതി ഭവന്‍ മുതല്‍ നാഷണല്‍ സ്‌റ്റേഡിയം വരെയും സെന്‍ട്രല്‍ വിസ്ത പുല്‍ത്തകിടിയും ഉള്‍പ്പെടുന്ന ഈ പ്രദേശം ഇനി 'കര്‍ത്തവ്യപഥ്' എന്നാണ് അറിയപ്പെടുക. എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിന പരേഡ് ഇതിലൂടെയാണ്. വെള്ളിയാഴ്ച മുതല്‍ കര്‍ത്തവ്യപഥ് പൂര്‍ണമായി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും.

പത്തിടങ്ങളില്‍ ചെറുകിട വ്യാപാരശാലകള്‍, വിവിധ സംസ്ഥാനങ്ങളുടെ ഫുഡ് സ്റ്റാളുകള്‍, ഐസ്‌ക്രീം വെന്‍ഡിങ് സോണുകള്‍, ഇന്ത്യാ ഗേറ്റ് പരിസരത്ത് 16.5 കിലോമീറ്റര്‍ കാല്‍നടപ്പാത, പാര്‍ക്കിങ് ഇടങ്ങള്‍, 900ലധികം പുതിയ വിളക്കുകാലുകള്‍, മലിനജല പുനരുപയോഗ പ്ലാന്റ്, പൊതു ശൗചാലയങ്ങള്‍, കുടിവെള്ള സൗകര്യം, മഴവെള്ള സംഭരണി, പുതിയ ജലസേചന സംവിധാനം തുടങ്ങിയവയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ സവിശേഷതകള്‍.സെന്‍ട്രല്‍ വിസ്തയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2021 ഫെബ്രുവരിയിലാണ് തുടങ്ങിയത്. പുതിയ പാര്‍ലമെന്റ് മന്ദിരം അടക്കമുള്ളവ ഉള്‍പ്പെട്ടതാണിത്.

Tags: