കൊറോണ പ്രതിസന്ധി: സ്ഥിതി വിലയിരുത്താന്‍ മന്ത്രിതല സമിതി യോഗം ഇന്ന്; ലോക്ക് ഡൗണ്‍ ചര്‍ച്ചയാവും

ലോക്ക്ഡൗണ്‍ തുടരണോയെന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും.

Update: 2020-04-07 03:32 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗബാധയുടെ വ്യാപനവും ലോക്ക്ഡൗണും സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ലോക്ക്ഡൗണ്‍ തുടരണോയെന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായങ്ങളും തേടിയിട്ടുണ്ട്. കൂടാതെ ആരോഗ്യരംഗത്തെ വിദഗ്ധരുമായും മന്ത്രിതല സമിതി വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. ലോക്ക് ഡൗണ്‍ തുടരണമെന്ന നിലപാടിലാണ് ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനായി കേരളസര്‍ക്കാര്‍ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ് ഇന്നലെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.

ഒറ്റയടിക്ക് നിയന്ത്രണങ്ങള്‍ പിന്‍വലിക്കരുതെന്നാണ് സമിതിയുടെ നിര്‍ദേശം. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയാണെങ്കില്‍ ഘട്ടംഘട്ടമായി മാത്രമേ നടപ്പാക്കാവൂ. സിനിമ തിയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങി ജനക്കൂട്ടം കൂടുന്ന പ്രദേശങ്ങളിലെ നിയന്ത്രണം തുടരണമെന്നും സമിതി നിര്‍ദേശിച്ചതായാണ് സൂചന.

പല സംസ്ഥാനങ്ങളും ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരുന്നതിനോട് പിന്തുണ പ്രകടിപ്പിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ 21 ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൊവിഡ് പ്രതിരോധിക്കുന്നതിന് കേരളം കൈവരിച്ച നേട്ടം നിലനിര്‍ത്തുന്നതിന് അടുത്ത 21 ദിവസവും കൂടി ലോക്ക്ഡൗണ്‍ തുടരേണ്ടതാണ്. ലോക്ക്ഡൗണ്‍ മാറ്റുമ്പോള്‍ വളരെ അധികം ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന സാഹചര്യം ഉണ്ടായേക്കാം. അത്തരം സാഹചര്യം സമൂഹ വ്യാപനം ഉണ്ടാകുന്ന രീതിയിലേക്ക് കേരളത്തെ തള്ളിവിടാമെന്നാണ് ഐഎംഎ നിലപാട്.

അതേസമയം രാജ്യത്ത് കോവിഡ് മരണം 111 ആയി. 4281 പേര്‍ക്ക് രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേര്‍ മരിച്ചതായാണ് ഒടുവിലത്തെ കണക്ക്. 704 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്കായി. രോഗബാധിതരില്‍ 30% തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ദില്ലി ക്യാന്‍സര്‍ സെന്ററിലെ 2 ഡോക്ടര്‍മാര്‍ക്കം 16 നഴ്സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചത് ആശങ്കയുയര്‍ത്തുന്നുണ്ട്. മുംബൈ നലാസപോരയിലെ ഗര്‍ഭിണിയായ യുവതിയാണ് തിങ്കളാഴ്ച മരിച്ചത്.

മഹാരാഷ്ട്രയില്‍ പുതുതായി 120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 21 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ വിവരമനുസരിച്ച് 748 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 45 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ താക്കറെ കുടുംബ വീടിന് അടുത്തുള്ള ചായ വില്‍പനക്കാരനും കോവിഡ് സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. തമിഴ്‌നാട്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കോവിഡ് കേസുകളും ഉയരുകയാണ്. 

Tags:    

Similar News