ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ആറുമാസം കൂടി നീട്ടി
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താനാവില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അവസാനം ഓര്‍ഡിനന്‍സിലൂടെ വീണ്ടും രാഷ്ട്രപതി ഭരണം നീട്ടിയിരുന്നു
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആറ് മാസത്തേക്കു കൂടി രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള ബില്‍ രാജ്യസഭ പാസ്സാക്കി. രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള ബില്‍ സമാജ് വാദി പാര്‍ട്ടിയുടെയും ബിജു ജനതാദളിന്റെയും പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസ്സായത്. പിഡിപി സര്‍ക്കാരിന് ബിജെപി നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുകയും ഭരണപ്രതിസന്ധിയുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നാണ് 2018 ജൂണ്‍ മുതല്‍ ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്താനാവില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അവസാനം ഓര്‍ഡിനന്‍സിലൂടെ വീണ്ടും രാഷ്ട്രപതി ഭരണം നീട്ടിയിരുന്നു.
അതേസമയം, കശ്മീരില്‍ മാനവികതയും ജനാധിപത്യവും സംസ്‌കാരവും സംരക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ചയില്‍ പറഞ്ഞു. എന്നാല്‍ രാജ്യത്തെ വിഘടിപ്പിക്കുന്ന ശക്തികളെ വെറുതെവിടുമെന്ന് അതിന് അര്‍ഥമില്ലെന്നും അവര്‍ക്ക് അവരുടേതായ ഭാഷയില്‍ ഉചിതമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍നിന്ന് പുറത്താക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളും കശ്മീരിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഹിന്ദു-മുസ്‌ലിം ഐക്യത്തിനു വേണ്ടി സംസാരിച്ച സൂഫികളെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ ഭരണത്തില്‍നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് നിരവധി തവണ ഭരണഘടനയുടെ 356ാം വകുപ്പ് ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
