രാഷ്ട്രീയ റെയ്ഡുകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൂട്ട്; ആദായ നികുതി വകുപ്പ് റെയ്ഡുകള്‍ നിഷ്പക്ഷമാകണമെന്ന് നിര്‍ദേശം

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സഹായികളുടെ വീട്ടില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് നിര്‍ദ്ദേശം. പരിശോധനകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.

Update: 2019-04-07 18:12 GMT

ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പിനെയും എന്‍ഫോഴ്‌സ്‌മെന്റിനും രാഷ്ട്രീയമായി ഉപയോഗിക്കുന്ന കേന്ദ്ര നീക്കം തടഞ്ഞ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. റെയ്ഡുകള്‍ നിഷ്പക്ഷമാകണമെന്ന് നിര്‍ദേശിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍കൂട്ടി അറിയിക്കണമെന്നും നിര്‍ദേശം നല്‍കി. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സഹായികളുടെ വീട്ടില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് നിര്‍ദ്ദേശം. പരിശോധനകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.

ദില്ലിയിലും, മധ്യപ്രദേശിലും, ഗോവയിലും ആദായനികുതി വകുപ്പ് റെയ്ഡ് നടന്നിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ ജീവനക്കാരുടെ വീടുകളിലടക്കം രാജ്യത്തെ 50 കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു. റെയ്ഡില്‍ ഒമ്പത് കോടിരൂപ കണ്ടെടുത്തതായാണ് സൂചന. തെരഞ്ഞെടുപ്പിന് ഹവാലപ്പണമെത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന വിശദീകരണം.

കഴിഞ്ഞയാഴ്ച കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്, ജനതാദള്‍ നേതാക്കളുമായി ബന്ധമുള്ളവരുടെ വീടുകളില്‍ ആദായ നികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. പ്രധാനമന്ത്രി പ്രതികാര രാഷ്ട്രീയം കളിയ്ക്കുകയെന്നായിരുന്നു മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമിയുടെ ആരോപണം. പിന്നാലെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരുടെ വീടുകളിലെ ആദായ നികുതി വകുപ്പ് പരിശോധന.

Tags:    

Similar News