വാക്‌സിന്‍ സ്വീകരിച്ച് ഒരു മാസത്തിനു ശേഷം കേന്ദ്രമന്ത്രിക്കു കൊവിഡ്

Update: 2021-04-16 18:27 GMT

ന്യൂഡല്‍ഹി: വാക്‌സിന്‍ സ്വീകരിച്ച് ഒരു മാസത്തിനു ശേഷം കേന്ദ്രമന്ത്രിക്കു കൊവിഡ് സ്ഥിരീകരിച്ചു. പരിസ്ഥിതി-വനം വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ക്വാറന്റൈനില്‍ പോവണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. 'ഞാന്‍ ഇന്ന് കൊവിഡ് പോസിറ്റീവായി. കഴിഞ്ഞ 23 ദിവസങ്ങളില്‍ എന്നോട് ബന്ധപ്പെട്ടിട്ടുള്ള എല്ലാവരും ക്വാറന്റൈനില്‍ പോവണം,' ജാവദേക്കര്‍ ട്വീറ്റില്‍ പറഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ച് ആറിന് പൂനെയിലെ ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയില്‍ വച്ചാണ് പ്രകാശ് ജാവദേക്കര്‍ കൊവിഡ് 19 വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചത്. ഇക്കാര്യവും ജാവദേക്കര്‍ ട്വീറ്റ് ചെയ്തിരുന്നു.

    അതേസമയം, കൊവിഡ് 19 കേസുകളില്‍ ഇന്ത്യയില്‍ എക്കാലത്തെയും ഉയര്‍ന്ന വര്‍ധനവ് രേഖപ്പെടുത്തി. 2.17 ലക്ഷത്തിലധികം പുതിയ കേസുകളും 1,100 ലധികം മരണങ്ങളും വ്യാഴാഴ്ച രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1,185 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മരണസംഖ്യ 1,74,308 ആയി.

Prakash Javadekar tests positive for COVID-19

Tags: