കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക; നേതൃത്വത്തിനെതിരേ പയ്യന്നൂരിൽ പോസ്റ്റർ യുദ്ധം

കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക എന്ന നയം പാർട്ടി തിരുത്തുക, കടല സതീശന്റെ ആലയിൽ സിപിഎമ്മിനെ കെട്ടരുത് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററിന്റെ ഉള്ളടക്കം.

Update: 2022-06-27 11:43 GMT

കണ്ണൂർ: സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വത്തിനെതിരേ പയ്യന്നൂരിൽ സിപിഎമ്മിന്റ തന്നെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഫണ്ട് വിവാദത്തിൽ പയ്യന്നൂരിലെ സിപിഎമ്മിൽ പ്രതിസന്ധി മൂർച്ഛിക്കുന്നതിനിടേയാണ് നേതൃത്വത്തിനെതിരേ പോസ്റ്റർ യുദ്ധവുമായി ഒരു വിഭാ​ഗം രം​ഗത്തുവന്നിരിക്കുന്നത്. ജില്ലാ നേതൃത്വം അം​ഗീകരിച്ച ആരോപണ വിധേയരുടെ കണക്ക് പയ്യന്നൂർ ഏരിയാ കമ്മിറ്റി അം​ഗീകരിച്ചതിന് പിന്നാലെയാണ് വിഷയം പുകഞ്ഞുകൊണ്ടിരിക്കുന്നുവെന്ന സൂചനകൾ നൽകി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക എന്ന നയം പാർട്ടി തിരുത്തുക, കടല സതീശന്റെ ആലയിൽ സിപിഎമ്മിനെ കെട്ടരുത് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററിന്റെ ഉള്ളടക്കം. പയ്യന്നൂർ, പെരുമ്പ, വെള്ളൂർ തുടങ്ങിയ മേഖലകളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പയ്യന്നൂരിലെ മീൻ മാർക്കറ്റ് റോഡരികിലെ മതിലുകളിലും വെള്ളൂരിലേയും മറ്റും കടകൾക്ക് മുന്നിലുമാണ് വിവിധ പോസ്റ്ററുകൾ പതിക്കപ്പെട്ടതെങ്കിലും പയ്യന്നൂരിലെ പോസ്റ്റർ പിന്നീട് നീക്കം ചെയ്യപ്പെട്ടു.


പാർട്ടിയുടെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും കണക്കുകൾ അവതരിപ്പിക്കുന്നതിൽ ഉണ്ടായ കാലതാമസവും ഓഡിറ്റ് നടത്താതിരുന്നതും ആണ് വീഴ്ചയെന്നുമുള്ള മേൽ കമ്മിറ്റി തീരുമാനം പയ്യന്നൂർ ഏരിയ കമ്മിറ്റിയെക്കൊണ്ട് കഴിഞ്ഞദിവസം അംഗീകരിപ്പിച്ചിരുന്നു. പാർട്ടിയിലെ അനീതി ചോദ്യം ചെയ്യുന്നവരെ അച്ചടക്ക നടപടിക്കു വിധേയമാക്കിയതിലും ആരോപണ വിധേയർക്ക് എതിരായി നാമമാത്രമായി നടപടി എടുത്തതിലും 21 അംഗ ഏരിയ കമ്മിറ്റിയിൽ 16 പേർ എതിർപ്പു പ്രകടിപ്പിച്ചിരുന്നു.

ഹക്കീം വധത്തിലടക്കം ആരോപണം നേരിട്ടവർക്കെതിരേയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇതേ വിവാദ വ്യവസായി എംഎൽഎയുടെ ബിനാമിയെന്ന ആരോപണവും വിവിധ ലോക്കൽ ജനറൽ ബോഡി യോ​ഗങ്ങളിൽ പ്രവർത്തകർ ഉയർത്തിയിരുന്നു. നേരത്തെ പയ്യന്നൂരിൽ പ്രവർത്തിച്ചിരുന്ന പയ്യന്നൂർ ടൂറിസം കോ-ഓപറേറ്റിവ് സൊസൈറ്റിയുടെ ഡയരക്ടർ ബോർഡ് മെമ്പർ കൂടിയായിരുന്നു പോസ്റ്ററുകളിൽ പേരുള്ള ഇ വി സതീശൻ. ഇതേ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു ടി ഐ മധുസൂദനൻ എംഎൽഎ. ഈ സഹകരണ സംഘത്തിന്റെ ഓഫിസാണ് ഇപ്പോഴത്തെ എംഎൽഎ ഓഫിസ് എന്നതും ശ്രദ്ധേയമാണ്.

ജില്ലാ നേതൃത്വം മുന്നോട്ട് വച്ച ആരോപണ വിധേയരുടെ കണക്കുകൾ അം​ഗീകരിക്കാൻ പാർട്ടി പ്രവർത്തകരും അണികളും തയാറാകില്ല എന്ന സ്ഥിതിവിശേഷമാണ് പോസ്റ്റർ പ്രചാരണത്തിന് പിന്നാലെ ഉയർന്നുകേൾക്കുന്നത്. ശക്തമായ കേഡർ സംവിധാനം നിലവിലുള്ള രാജ്യത്തെ തന്നെ സിപിഎമ്മിന്റെ ഏറ്റവും വലിയ ഏരിയാ കമ്മിറ്റിക്ക് കീഴിൽ നിന്ന് തന്നെ ഫണ്ട് വിവാദം നീറിപ്പുകയുമ്പോൾ നേതൃത്വം പ്രതിസന്ധിയിലാകുമെന്നതിൽ തർക്കമില്ല.

ജുലയ് 1, 2 തിയതികളിലാണ് പയ്യന്നൂരിൽ ലോക്കൽ കമ്മിറ്റികൾ വിളിച്ചുചേർത്തിട്ടുള്ളത്. ഇതിന് പിന്നാലെ ബ്രാഞ്ച് യോ​ഗങ്ങളും വിളിച്ചു ചേർക്കും. ഈ യോ​ഗങ്ങളിൽ ആരോപണ വിധേയർ നൽകിയ കണക്ക് അവതരിപ്പിച്ച് അണികളേയും പ്രവർത്തകരേയും വിശ്വാസത്തിലെടുപ്പിക്കാനാണ് പാർട്ടി നേതൃത്വം ശ്രമിക്കുന്നതെങ്കിലും ഇതിനെ ചോദ്യം ചെയ്ത് പ്രവർത്തകർ രം​ഗത്തുവരുമെന്നും റിപോർട്ടുണ്ട്. 

Similar News