വീണ്ടും പോലിസ് വേട്ട; പോപുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറിയെ അന്യായമായി കസ്റ്റഡിയിലെടുത്തു

Update: 2022-09-19 10:17 GMT

പാലക്കാട്: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ വീണ്ടും പോലിസ് വേട്ട തുടങ്ങി. പോപുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ദീഖ് തൊട്ടിന്‍കരയെ പോലിസ് അന്യായമായി കസ്റ്റിഡിയിലെടുത്തു. പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ജില്ലാ സെക്രട്ടറിയെ ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഈ കേസിന്റെ പേരില്‍ പാലക്കാട് ജില്ലയിലുടനീളം വ്യാപകമായ പോലിസ് വേട്ടയാണ് നടന്നുവരുന്നത്. പ്രവര്‍ത്തകരുടെ വീടുകളില്‍ പോലിസ് അന്യായമായി പരിശോധന നടത്തുകയും പലരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തുവരികയാണ്. അതിനിടയിലും പാലക്കാടുനിന്ന് ആയിരങ്ങളാണ് കോഴിക്കോട് നടന്ന ജനമഹാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്.

ആലപ്പുഴയ്ക്ക് പിന്നാലെ കോഴിക്കോട് പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച ജനമഹാസമ്മേളനത്തിലെ ജനബാഹുല്യം കണ്ട് വിറളിപിടിച്ചാണ് പോലിസും ഇടത് സര്‍ക്കാരും വീണ്ടും നേതാക്കളെ ലക്ഷ്യമിട്ട് തുടങ്ങിയതെന്ന ആരോപണം ശക്തമാണ്. ആലപ്പുഴയിലെ ജനമഹാസമ്മേളനത്തിന് പിന്നാലെയും പോലിസ് സമാനരീതിയില്‍ നേതാക്കളെയും പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടിരുന്നു. ഒരു കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരിലാണ് കള്ളക്കേസ് ചുമത്തി നേതാക്കളെയും പ്രവര്‍ത്തകരെയും ഉള്‍പ്പെടെ 31 പേരെ 43 ദിവസത്തിലധികം ജയിലില്‍ അടച്ചത്. ഈ കേസുകളിലെ അന്വേഷണങ്ങളിലെല്ലാം പോലിസിന്റെ ആര്‍എസ്എസ് വിധേയത്വം വ്യക്തമാണ്.

പാലക്കാട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ വളരെ കുറച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ മാത്രമാണ് പോലിസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോഴാവട്ടെ വ്യാപക അറസ്റ്റും റെയ്ഡും പോലിസ് വേട്ടയുമാണ് പാലക്കാട് അരങ്ങേറിയത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പലതവണ ചോദ്യം ചെയ്തിട്ടും ദുരൂഹമായി ഒന്നും കണ്ടെത്താതിരുന്നിട്ടും കുറ്റപത്രം കൊടുത്ത കേസില്‍ പോലിസ് വീണ്ടും പ്രതികാര നടപടിയുമായി രംഗത്തുവന്നിരിക്കുന്നത്.

Tags: