പൗരത്വ ഭേദഗതി ബില്ല് ഇന്ത്യയെ മുസ്‌ലിം വിരുദ്ധ വര്‍ഗീയ രാഷ്ട്രമാക്കി മാറ്റി: പോപുലര്‍ഫ്രണ്ട്

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്ന കിരാത പൗരത്വ ഭേദഗതിയെ സുപ്രിംകോടതി റദ്ദാക്കുമെന്നും അനീസ് അഹ്മദ് പ്രത്യാശ പ്രകടപ്പിച്ചു.

Update: 2019-12-12 17:58 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ല് പാസായതോടെ നമ്മുടെ രാജ്യം മുസ്‌ലിം വിരുദ്ധ വര്‍ഗീയ നിലമായി മാറിയെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി അനീസ് അഹ്മദ് പ്രസ്താവനയില്‍ പറഞ്ഞു. മുസ്‌ലിംകളെ രണ്ടാംകിട പൗരന്‍മാരാക്കി മാറ്റിനിര്‍ത്തി ജനാധിപത്യ മതേതര രാഷ്ട്രത്തെ സ്വേച്ഛാധിപത്യ വംശീയ രാഷ്ട്രമാക്കി തരംതാഴ്ത്തുന്നതിന്റെ മുഖ്യ കാല്‍വെപ്പാണ് ഈ ബില്ല്.

ബില്ല് പാസായതോടുകൂടി ഒരു ഹിന്ദു രാഷ്ട്രത്തേക്കാളുപരി ഇന്ത്യയെ നിയമാനുസൃതമായ ഒരുതരം മുസ്‌ലിം വിരുദ്ധ രാഷ്ട്രമാക്കി മാറ്റിയിരിക്കുകയാണ്. ബില്ല് പാസായതോടുകൂടി ഉടലെടുത്ത ആഭ്യന്തര സംഘര്‍ഷം മുസ്‌ലിംകളെ മാത്രമല്ല, ബിജെപിയും ആര്‍എസ്എസും സംരക്ഷിക്കുമെന്ന് വീമ്പുപറഞ്ഞവര്‍ അടക്കം രാജ്യത്തിന്റെ മുഴുവന്‍ പൗരന്‍മാര്‍ക്കും ഉത്കണ്ഠയുളവാക്കുന്നതാണ്. നേരത്തെ നിഷ്ഠൂരമായ അടിച്ചമത്തലിലൂടെയും മനുഷ്യാവകാശലംഘനത്തിലൂടെയും മോദി-അമിത്ഷാ സര്‍ക്കാര്‍ കശ്മീരി ജനതയെ രാജ്യത്തിന്റെ എതിര്‍പക്ഷത്താക്കി മാറ്റിയിരിക്കുകയാണ്. പുതിയ നിയമത്തിന്റെ ആദ്യഫലം നേരിടാന്‍ പോവുന്ന വടക്ക്കിഴക്കന്‍ മേഖലകളില്‍ ഇപ്പോള്‍ ഇതേ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തുകൊണ്ടിരിക്കുന്നത്.

സംഘര്‍ഷം മാത്രം ഉണ്ടാക്കുന്ന അത്തരം നിയമനിര്‍മ്മാണത്തിലൂടെ എന്തെങ്കിലും സ്ഥാപിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാനാവില്ല. ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്ത ഇരുസഭകളിലേയും അംഗങ്ങളെ അദ്ദേഹം അഭിനന്ദനം അറിയിച്ചു. നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനെയും നീതിയെയും യഥാര്‍ത്ഥത്തില്‍ അവര്‍ മുറുകെപിടിച്ചിരിക്കുകയാണ്.

അതേസമയം, വിശ്വസിച്ച് വോട്ടുചെയ്ത ജനങ്ങളെയും ഭരണഘടനയെയും സത്യപ്രതിജ്ഞയെയും വഞ്ചിച്ച ബിജെപി ഇതര പാര്‍ട്ടി എംപിമാരെ അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്ന കിരാത പൗരത്വ ഭേദഗതിയെ സുപ്രിംകോടതി റദ്ദാക്കുമെന്ന് അനീസ് അഹ്മദ് പ്രത്യാശ പ്രകടപ്പിച്ചു.

Tags:    

Similar News