ആര്‍എസ്എസ് തിരക്കഥയനുസരിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വേട്ടയാടുന്നത് പോലിസ് അവസാനിപ്പിക്കണം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ

നിയമത്തെ ദുരുപയോഗം ചെയ്തുകൊണ്ട് കള്ളക്കഥകളുണ്ടാക്കി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കേസില്‍ കുടുക്കാനുള്ള ആസൂത്രിത നീക്കമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി സി എ റഊഫ്, ജില്ലാ പ്രസിഡന്റ് വി കെ സലീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

Update: 2022-03-24 07:59 GMT

കൊച്ചി: ആര്‍എസ്എസ് തിരക്കഥയ്ക്ക് അനുസരിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരെ അന്യായമായി വേട്ടയാടുന്ന നീക്കത്തില്‍ നിന്നും കേരളാ പോലിസ് പിന്‍മാറണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി സി എ റഊഫ്, ജില്ലാ പ്രസിഡന്റ് വി കെ സലീം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.നിയമത്തെ ദുരുപയോഗം ചെയ്തുകൊണ്ട് കള്ളക്കഥകളുണ്ടാക്കി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കേസില്‍ കുടുക്കാനുള്ള ആസൂത്രിത നീക്കമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്.സംസ്ഥാനത്ത് ഇന്ന് വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും രാജ്യവിരുദ്ധ നീക്കങ്ങള്‍ നടത്തുന്നതും ആര്‍എസ്എസാണ്. മുസ് ലിം വിദ്വേഷം പ്രചരിപ്പിച്ച് ആര്‍എസ്എസ് കലാപത്തിന് കോപ്പുകൂട്ടുകയാണ്. അതിനാവശ്യമായ കുപ്രചരണങ്ങള്‍ അവര്‍ വ്യാപകമായി നടത്തുന്നു.

ആയുധങ്ങള്‍ സംഭരിച്ചും ബോംബുകള്‍ നിര്‍മിച്ചും അണികളെ അക്രമത്തിന് പ്രോല്‍സാഹിപ്പിക്കുകയാണ്. അടുത്തിടെ നിരവധി ആര്‍എസ്എസ് നേതാക്കളുടെ വീടുകളിലാണ് നിര്‍മാണത്തിനിടെ ബോംബുകള്‍ പൊട്ടിത്തെറിച്ചത്.ഡിജിപി, ജില്ലാ പോലിസ് മേധാവികള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മുന്നില്‍ ഈ വിഷയം ഉന്നയിക്കുകയും രേഖാമൂലം പരാതി നല്‍കുകയുമുണ്ടായി. നിര്‍ഭാഗ്യവശാല്‍ ഇതേവരെ പോലിസ് യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് മാത്രമല്ല, ആര്‍എസ്എസിന് അവരുടെ എല്ലാവിധ ഹിംസാത്മക നടപടിയും തുടരാന്‍ അവസരം ഒരുക്കിക്കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്.അതേസമയം, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ പോലിസ് വളരെ ആസൂത്രിതമായി വേട്ടയാടിക്കൊണ്ടിരിക്കുന്നു.

പ്രാദേശികമായി നടന്നിട്ടുള്ള ദുരൂഹസംഭവങ്ങളുടെ പേരില്‍ പോപുലര്‍ ഫ്രണ്ടിനെ നിഴലില്‍ നിര്‍ത്തി വേട്ടയാടാനാണ് ശ്രമം. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലിസ് പ്രവര്‍ത്തകരെ അനാവശ്യമായി വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയുമാണ്. സംസ്ഥാനത്തുണ്ടായ ദുരൂഹമായ സംഭവങ്ങളില്‍ സത്യസന്ധമായ അന്വേഷണം നടത്താതെ അതിനെ പോപുലര്‍ ഫ്രണ്ടിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ഗുഢാലോചനയുടെ ഭാഗമാണിതെന്ന് സംശയിക്കുന്നു.

പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടും പരിസരവും ആര്‍എസ്എസ് നിരീക്ഷിക്കുകയും ദുരൂഹസംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ പോലിസിന് പരാതി നല്‍കിയെങ്കിലും നേതാക്കളുടെ വീട്ടില്‍ മോക്ഡ്രില്‍ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് പോലിസ് ശ്രമിക്കുന്നത്. ഇത്തരം അസ്വാഭാവികമായ നടപടികള്‍ സംഘടനയ്‌ക്കെതിരായ പോലിസിന്റെ നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നു.

കൊല്ലം ജില്ലയിലെ പത്തനാപുരം പാടത്ത് ജലാറ്റിന്‍ സ്റ്റിക്ക് ഉള്‍പ്പടെയുള്ള സ്‌ഫോടക വസ്തുക്കള്‍ കിട്ടിയെന്നതിന്റെ പേരില്‍ അമ്പതിലധികം പ്രവര്‍ത്തകരെയാണ് പോലിസ് ചോദ്യം ചെയ്തത്. രാജ്യത്തിന്റെ ക്രമസമാധാനം, നിയമപാലന സംവിധാനത്തോടുള്ള സഹകരണവും പരിഗണിച്ചാണ് ഈ അന്വേഷണത്തോട് പോപുലര്‍ ഫ്രണ്ട് സഹകരിച്ചിട്ടുള്ളത്. എന്നാല്‍ ആര്‍എസ്എസ് വളരെ ആസൂത്രിതമായി നടത്തിയ പ്രവര്‍ത്തനമാണിതെന്ന് ബോധ്യമായിട്ടും അക്കാര്യം ആര്‍എസ്എസിന്റെ നേതാക്കള്‍ പരസ്യമായി പറഞ്ഞിട്ടും അതിനെ മുഖവിലക്കെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല.

ഈ സംഭവത്തിന്റെ പേരില്‍ ഉത്തരേന്ത്യയില്‍ പോലിസ് മുസ് ലിം യുവാക്കള്‍ക്കെതിരെ ഭീകരത ചുമത്തി ജയിലിലടക്കാന്‍ കഥകള്‍ മെനയുന്നതിന് സമാനമായ സാഹചര്യമാണ് കേരളത്തിലും പോലിസ് രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. പോലിസിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം സമീപനം ഗൗരവതരമാണ്. ഇതിനെതിരെ ജനാധിപത്യപരമായ പ്രക്ഷോഭങ്ങളുമായി പോപുലര്‍ ഫ്രണ്ടിന് രംഗത്തിറങ്ങേണ്ടിവരുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Tags: