ആലപ്പുഴ ഒരുങ്ങി; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനവും വോളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും ഇന്ന്

Update: 2022-05-21 01:50 GMT

ആലപ്പുഴ: റിപബ്ലിക്കിനെ രക്ഷിക്കുകയെന്ന മുദ്രാവാക്യവുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ തലത്തില്‍ നടത്തുന്ന കാംപയിന്റെ ഭാഗമായി ഇന്ന് ആലപ്പുഴയില്‍ ജനമഹാസമ്മേളനം നടക്കും. വൈകീട്ട് 4.30ന് കല്ലുപാലത്ത് നിന്നാരംഭിക്കുന്ന വോളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും ആലപ്പുഴ ബീച്ചില്‍ സമാപിക്കും. റാലിക്കുശേഷം ചേരുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒഎംഎ സലാം ഉദ്ഘാടനം ചെയ്യും. മുൻ എംപി മൗലാന ഉബൈദുള്ള ഖാൻ ആസ്മി മുഖ്യാതിഥിയായിരിക്കും.

''ഇന്ത്യന്‍ ജനതയുടെ ചോരയുടെയും വിയര്‍പ്പിന്റെയും ഫലമായി പിറവിയെടുത്ത റിപബ്ലിക്ക് ഇന്ന് മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നു. സ്വാതന്ത്ര്യ ലബ്ധിയുടെ 75ാം വര്‍ഷം ആഘോഷിക്കുമ്പോള്‍, മഹത്തായ റിപബ്ലിക്കിന്റെ മരണം ഉറപ്പുവരുത്തിക്കൊണ്ടാണ് ആര്‍എസ്എസ് നിയന്ത്രിത ഇന്ത്യന്‍ ഭരണകൂടം അനുദിനം മുന്നോട്ടു നീങ്ങുന്നത്. വംശീയതയും, കൂട്ടക്കൊലകളും ഹിന്ദുത്വ ഭരണകൂടത്തിന്റെ മുഖമുദ്രയായി തെളിഞ്ഞുവന്നിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തോടു പുറംതിരിഞ്ഞ് നിന്ന ആര്‍എസ്എസ്, ജനാധിപത്യത്തിന്റെ ദുര്‍ബലമായ പഴുതുകളിലൂടെ രാഷ്ട്രഭരണം കൈക്കലാക്കി ഏകാധിപത്യം നടപ്പിലാക്കുകയാണ്. പാര്‍ലമെന്റിലെ പ്രതിപക്ഷത്തെ അവഗണിച്ച് ചര്‍ച്ചകള്‍ പോലുമില്ലാതെ ജനവിരുദ്ധനിയമങ്ങള്‍ ചുട്ടെടുക്കുന്നു. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുകയും രാജ്യസമ്പത്ത് കുത്തകകള്‍ക്ക് തീറെഴുതുകയും ചെയ്തുകഴിഞ്ഞു. മാധ്യമങ്ങളുടെ വായടപ്പിച്ചും വിയോജിക്കുന്നവരെ തടവിലിട്ടും കൊന്നുതള്ളിയും ഭീകരവാഴ്ചയാണ് ബിജെപി സര്‍ക്കാരുകള്‍ നടത്തുന്നത്. ഭരണഘടനാവിരുദ്ധമായ ഏകീകൃത സിവില്‍കോഡ്, പൗരത്വനിയമം, തുടങ്ങിയ ആര്‍എസ്എസ് അജണ്ടകള്‍ നടപ്പാക്കുമെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഭീഷണിപ്പെടുത്തുകയാണ്. അന്വേഷണ ഏജന്‍സികളെയും നീതിപീഠങ്ങളെ പോലും തങ്ങളുടെ വരുതിയിലാക്കി, ഫാഷിസ്റ്റ് പരമാധികാരത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്.'' വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സ്വാഗതസംഘം നേതാക്കള്‍ പറഞ്ഞു.

പൊതുസമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിക്കും. എ അബ്ദുല്‍ സത്താര്‍, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, കെ അംബുജാക്ഷന്‍, എം എസ് സാജിദ്, വി എം ഫത്തഹുദ്ദീന്‍ റഷാദി, പി എം ജസീല, അഡ്വ.കെ പി മുഹമ്മദ്, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി എന്നിവര്‍ പങ്കെടുക്കും.

Tags: