പോപുലര്‍ഫ്രണ്ട് ആരോഗ്യ കാംപയിന്‍ സംസ്ഥാനതല ഉദ്ഘാടനം
യുവാക്കളെ വേറിട്ട ചിന്തയിലേക്ക് നയിക്കാനും പൗരബോധമുള്ള സമൂഹമാക്കി മാറ്റാനും പോപുലര്‍ ഫ്രണ്ടിന്റെ ഇത്തരം കാംപയിനുകള്‍ സഹായകരമാവുമെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പി കെ രാഗേഷ് പറഞ്ഞു.
കണ്ണൂര്‍: 'ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം' എന്ന മുദ്രാവാക്യം ഉയര്‍ത്തി പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ദേശീയ കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പി കെ രാഗേഷ് നിര്‍വഹിച്ചു. യുവാക്കളെ വേറിട്ട ചിന്തയിലേക്ക് നയിക്കാനും പൗരബോധമുള്ള സമൂഹമാക്കി മാറ്റാനും പോപുലര്‍ ഫ്രണ്ടിന്റെ ഇത്തരം കാംപയിനുകള്‍ സഹായകരമാവുമെന്ന് അദ്ദേഹം പറഞ്ഞു. മജ്ജയും മാംസവും ഉള്ള സമൂഹത്തെ സൃഷ്ടിക്കുകയാണ് ഇത്തരം കാംപയിനുകള്‍. ആരോഗ്യമുള്ള മനുഷ്യന് മാത്രമേ ആരോഗ്യമുള്ള ചിന്തയുണ്ടാവൂ. ആരോഗ്യമുള്ള ചിന്തയിലൂടെ ആരോഗ്യമുള്ള രാഷ്ട്രത്തെ കെട്ടിപ്പടുക്കാന്‍ സാധിക്കും. ഇന്ന് മാരക രോഗങ്ങള്‍ കുടുംബങ്ങളുടെ നട്ടെല്ലും സമ്പത്തും തകര്‍ക്കുകയാണ്. ലഹരി വസ്തുക്കള്‍ ജീവിതത്തിന്റെ നിത്യ ഉപയോഗ സാധനമായി മറി. ഇതിന്റെ പരിണിത ഫലം നമ്മള്‍ അനുഭവിക്കുകയാണ്. ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പോപുലര്‍ ഫ്രണ്ടിന്റെ ഇത്തരം പരിപാടിയോടൊപ്പം എന്റെ മനസ്സും ഉണ്ടാവുമെന്നും പി കെ രാഗേഷ് പറഞ്ഞു.
കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന പരിപാടിയില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ധീന്‍ എളമരം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി കെ ലത്തീഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന സമിതി അംഗങ്ങളായ കെ മുഹമ്മദാലി, കെ മുഹമ്മദ് ബഷീര്‍, എം വി റഷീദ് മാസ്റ്റര്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വി കെ നൗഫല്‍, ജില്ലാ സെക്രട്ടറിമാരായ സി എം നസീര്‍, എന്‍ പി ഷകീല്‍ എന്നിവര്‍ പങ്കെടുത്തു. പൊതുസമ്മേളനത്തോടനുബന്ധിച്ചു നടന്ന കൂട്ടയോട്ടം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എന്‍ വി പ്രദീപ് ഫ്‌ലാഗ് ഓഫ് ചെയ്തു.
