ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരേ സംസാരിച്ചതിന് കേസ്: നടുക്കവും രോഷവും രേഖപ്പെടുത്തി പോപ്പുലര്‍ ഫ്രണ്ട്

അഭിപ്രായ സ്വാതന്ത്ര്യം പ്രയോഗിക്കുന്നതും വിയോജിപ്പിനുള്ള അവകാശം സംരക്ഷിക്കുന്നതും ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും എതിരായ അക്രമത്തെ ചോദ്യം ചെയ്യുന്നതും ഇപ്പോള്‍ രാജ്യത്ത് കുറ്റകൃത്യങ്ങളായി മാറിയിരിക്കുകയാണ്.

Update: 2019-10-04 12:01 GMT

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ടക്കൊലകളില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ 50 ഓളം പ്രമുഖര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന റിപോര്‍ട്ടുകളില്‍ നടുക്കവും രോഷവും പ്രകടിപ്പിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബുബക്കര്. 

രാജ്യദ്രോഹം, പൊതു ശല്യം, മതവികാരം വ്രണപ്പെടുത്തല്‍, സമാധാനന്തരീക്ഷം തകര്‍ക്കുന്നതിന് പ്രകോപനം സൃഷ്ടിക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സെലിബ്രിറ്റികള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് റിപോര്‍ട്ട്. ജനങ്ങളെ ഭയപ്പെടുത്താനുള്ള പരിഹാസ്യമായ ശ്രമവും നിയമത്തിന്റെ വ്യക്തമായ ദുരുപയോഗവുമാണിത്.

അഭിപ്രായ സ്വാതന്ത്ര്യം പ്രയോഗിക്കുന്നതും വിയോജിപ്പിനുള്ള അവകാശം സംരക്ഷിക്കുന്നതും ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും എതിരായ അക്രമത്തെ ചോദ്യം ചെയ്യുന്നതും ഇപ്പോള്‍ രാജ്യത്ത് കുറ്റകൃത്യങ്ങളായി മാറിയിരിക്കുകയാണ്.

പ്രാദേശിക അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജിയില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് ഒന്നുകില്‍ നീതിബോധം നഷ്ടപ്പെടുകയോ അല്ലെങ്കില്‍ രാജ്യത്തെ യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധം നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ആള്‍ക്കൂട്ട അക്രമണങ്ങള്‍ സുപ്രീം കോടതിയുടെ പോലും ശ്രദ്ധയില്‍വരികയും അതിനെതിരേ നിയമനിര്‍മ്മാണം വേണമെന്ന് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.

കേസില്‍പെട്ട സെലിബ്രിറ്റികളോട് ഐക്യദാര്‍ഢ്യം അറിയിച്ച പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ പൗരന്മാര്‍ക്ക് ഇഷ്ടമുള്ളത് പറയാനുള്ള അവകാശത്തിനു വേണ്ടി തന്റെ സംഘടന നിലകൊള്ളുമെന്നും ഉറപ്പു നല്‍കി.

Tags:    

Similar News