വിജയരാഘവന്റെത് വര്‍ഗീയ വിഷം ചീറ്റുന്ന പ്രസ്താവന: സി പി മുഹമ്മദ് ബഷീര്‍

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്, അധികാരക്കസേര നിലനിര്‍ത്താനായി കടുത്ത വര്‍ഗീയതയാണ് സിപിഎം പ്രചരിപ്പിക്കുന്നത്. വര്‍ഗീയ നിലപാടുകളില്‍ ആര്‍എസ്എസിനോട് മത്സരിക്കുകയാണ് സിപിഎമ്മും സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരും ചെയ്യുന്നത്. സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

Update: 2021-02-18 10:48 GMT

കോഴിക്കോട്: കേരളത്തിലെ ന്യൂനപക്ഷങ്ങളെ വര്‍ഗീയവാദികളായി ചിത്രീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ആര്‍എസ്എസിന് കുഴലൂത്ത് നടത്തുകയാണെന്നും വര്‍ഗീയതയുടെ പേയിളകിയ പ്രസ്താവനകളാണ് അദ്ദേഹം നടത്തുന്നതെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സവര്‍ണ ഹിന്ദുത്വ വിഭാഗത്തെ പ്രീണിപ്പിക്കാനായി നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ സിപിഎമ്മിന്റെ ശവക്കുഴി തോണ്ടുമെന്നതില്‍ സംശയമില്ല.

ന്യൂനപക്ഷങ്ങളുടെ വോട്ടുവാങ്ങി അധികാരത്തിലെത്തിയ ശേഷം കഴിഞ്ഞ കുറേക്കാലങ്ങളായി മുസ്‌ലിം വിഭാഗത്തെ മോശക്കാരായി ചിത്രീകരിക്കുന്ന സമീപനമാണ് മുതിര്‍ന്ന സിപിഎം നേതാക്കള്‍ സ്വീകരിച്ചു വരുന്നത്. ഇവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് എ വിജയരാഘവന്‍. അധികാരം നിലനിര്‍ത്താനായി സവര്‍ണ വിഭാഗത്തെ കൂട്ടുപിടിച്ച് ന്യൂനപക്ഷങ്ങളെ ഒന്നാകെ അധിക്ഷേപിക്കുന്ന സിപിഎം കേരളത്തില്‍ ആര്‍എസ്എസിന്റെ ബീ ടീമായി മാറിയിരിക്കുന്നു. ഇതിനെ നിയന്ത്രിക്കാതെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനാനുവാദം നല്‍കുകയാണ് ചെയ്യുന്നത്.

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്, അധികാരക്കസേര നിലനിര്‍ത്താനായി കടുത്ത വര്‍ഗീയതയാണ് സിപിഎം പ്രചരിപ്പിക്കുന്നത്. വര്‍ഗീയ നിലപാടുകളില്‍ ആര്‍എസ്എസിനോട് മത്സരിക്കുകയാണ് സിപിഎമ്മും സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരും ചെയ്യുന്നത്. ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും വലിയ വര്‍ഗീയതയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ കഴിഞ്ഞ ദിവസം കോഴിക്കോട് പറഞ്ഞത്.

മതമൗലികവാദികള്‍, തീവ്രവാദികള്‍, വര്‍ഗീയവാദികള്‍ തുടങ്ങിയ പരാമര്‍ശങ്ങള്‍ മുമ്പും മുസ്‌ലിം സമുദായത്തിന് നേരെ വിജയരാഘവന്‍ നടത്തിയിട്ടുണ്ട്. ആര്‍എസ്എസിന്റെ വര്‍ഗീയ ഭ്രാന്തുകള്‍ക്ക് കേരളത്തെ കീഴ്‌പ്പെടുത്തി കൊടുക്കുന്ന ഈ നീക്കം അപകടകരമാണ്. ന്യൂനപക്ഷങ്ങളെ വര്‍ഗീയവാദികളായി ചിത്രീകരിക്കുകയും മറുവശത്ത് ഉദ്യോഗസ്ഥരുടെ ജാതിയും മതവും അധികാര പരിധിക്ക് മാനദണ്ഡമാക്കുകയും ചെയ്യുന്ന സിപിഎമ്മിന് മതേതരകക്ഷി എന്ന് പറയാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Tags: