സാമ്പത്തിക സംവരണം: ഭരണഘടനാവിരുദ്ധ തീരുമാനങ്ങളില്‍നിന്ന് കേന്ദ്രം പിന്‍വാങ്ങണം- പോപുലര്‍ഫ്രണ്ട്

സാമ്പത്തിക സംവരണം ഭരണഘടനാനുസൃതമോ സംവരണതത്വത്തിന്റെ താല്‍പര്യങ്ങള്‍ക്കു നിരക്കുന്നതോ അല്ല.

Update: 2019-01-07 15:34 GMT

കോഴിക്കോട്: മുന്നാക്കവിഭാഗത്തില്‍പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഭരണഘടനാവിരുദ്ധവും സാമൂഹികനീതിയുടെ നിഷേധവുമാണെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍.

സാമ്പത്തിക സംവരണം ഭരണഘടനാനുസൃതമോ സംവരണതത്വത്തിന്റെ താല്‍പര്യങ്ങള്‍ക്കു നിരക്കുന്നതോ അല്ല. കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ പിന്നാക്കവിഭാഗക്കാര്‍ക്ക് സംവരണാനുകൂല്യം ലഭിച്ചുതുടങ്ങിയതുതന്നെ 1989 ല്‍ വി പി സിങ് സര്‍ക്കാരിന്റെ കാലം മുതലാണ്.

ഐക്യകേരളം നിലവില്‍ വരുന്നതിനു മുമ്പേ സംവരണം നിലനിന്നിരുന്ന കേരളത്തില്‍ സംവരണത്തെ അട്ടിമറിച്ച് മുന്നാക്ക താല്‍പര്യം സംരക്ഷിക്കുന്ന നിലപാടായിരുന്നു മാറി മാറി വന്ന സര്‍ക്കാരുകളുടേത്. ക്രീമിലെയറും മുന്നാക്ക സംവരണവും അടിച്ചേല്‍പ്പിച്ച് കേരളത്തില്‍ സംവരണതത്വത്തെ ബലികഴിക്കുകയായിരുന്നു ഇരുമുന്നണികളും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, മുന്നാക്ക വോട്ടുകളില്‍ കണ്ണുവച്ചാണ് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സംവരണം ലക്ഷ്യംവച്ചുള്ള നിയമനിര്‍മാണത്തിനൊരുങ്ങുന്നത്. അടിയന്തരമായ ഭരണഘടനാ ഭേദഗതിക്കാണ് സര്‍ക്കാര്‍ തുനിയുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ഇതിനെ സ്വാഗതം ചെയ്യുകയാണ്. സാമൂഹിക നീതി അട്ടിമറിക്കുന്നതില്‍ തീവ്രവലതുപക്ഷവും ഇടതുപക്ഷവും ഒറ്റക്കെട്ടാവുന്നതും പിന്നാക്ക വിഭാഗങ്ങള്‍ തിരിച്ചറിയണം. അയ്യപ്പജ്യോതിയിലും വനിതാമതിലിലും അണിനിരന്ന പിന്നാക്കവിഭാഗങ്ങള്‍ ഇരുവിഭാഗവും വച്ചുപുലര്‍ത്തുന്ന സംവരണവിരുദ്ധ മനോഭാവം തിരിച്ചറിയണം.

സവര്‍ണ, ബ്രാഹ്്മണിക്കല്‍ താല്‍പര്യങ്ങള്‍ക്ക് കുടപിടിക്കുന്ന ഇക്കൂട്ടരുടെ കാപട്യത്തിനെതിരേ രംഗത്തുവരണം. മുന്നാക്ക സംവരണ നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയുന്നില്ലെങ്കില്‍ പിന്നാക്കസമുദായങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുമെന്നും മുഹമ്മദ് ബഷീര്‍ വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News