വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ചില എസ്‌ഐമാര്‍ ജോലിയില്‍ കയറിയെന്ന് മുല്ലപ്പള്ളി

സിപിഎമ്മിന്റെ നേതാക്കളെ ഉള്‍പ്പെടുത്തി പുനസ്സംഘടിപ്പിച്ച പിഎസ്‌സി നടത്തുന്ന നിയമനങ്ങളില്‍ പലതിലും വലിയ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. അതിന് തെളിവാണ് യൂനിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതികള്‍ പിഎസ്‌സി നടത്തിയ പരീക്ഷയില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഉന്നതറാങ്ക് കരസ്ഥമാക്കിയത്.

Update: 2019-07-17 12:55 GMT

സര്‍വകലാശാലാ, പിഎസ്‌സി ക്രമക്കേടുകള്‍ സിബിഐ അന്വേഷിക്കണം

തിരുവനന്തപുരം: സമീപകാലത്ത് പിഎസ്‌സി വഴി റിക്രൂട്ട് ചെയ്ത സബ് ഇന്‍സ്‌പെക്ടര്‍മാരില്‍ ചിലര്‍ വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയില്‍ കയറിയിട്ടുണ്ടെന്ന് ഒരു ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎമ്മിന്റെ നേതാക്കളെ ഉള്‍പ്പെടുത്തി പുനസ്സംഘടിപ്പിച്ച പിഎസ്‌സി നടത്തുന്ന നിയമനങ്ങളില്‍ പലതിലും വലിയ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. അതിന് തെളിവാണ് യൂനിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതികള്‍ പിഎസ്‌സി നടത്തിയ പരീക്ഷയില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഉന്നതറാങ്ക് കരസ്ഥമാക്കിയത്.

പോലിസിനെ ക്രിമിനല്‍വല്‍ക്കരിക്കുന്ന നടപടികളുടെ ഭാഗമാണിതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. യൂനിവേഴ്‌സിറ്റി കോളജ് സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ടുള്ള സെക്രട്ടേറിയറ്റിന് മുന്നിലെ കെഎസ്‌യുവിന്റെ നേതൃത്വത്തിലുള്ള സമരപ്പന്തല്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരള സര്‍വകലാശാലയിലും കേരള പബ്ലിക് സര്‍വീസ് കമ്മീഷനിലും നടക്കുന്ന ക്രമക്കേടുകള്‍ സിബിഐ അന്വേഷണിക്കണം. മധ്യപ്രദേശില്‍ നടന്ന വ്യാപം അഴിമതിയേക്കാള്‍ ഗുരുതരമായ ക്രമക്കേടുകളാണ് ഭരണഘടനാ സ്ഥാപനങ്ങളായ കേരള സര്‍വകലാശാലയിലും പിഎസ്‌സിയിലും നടക്കുന്നത്.

കൃത്യമായ ഗൂഢാലോചന ഈ ക്രമക്കേടുകള്‍ക്ക് പിന്നിലുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. കേരള സര്‍വകലാശയിലേയും പിഎസ്‌സിയിലെയും അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്ന വൈസ് ചാന്‍സിലറെയും പിഎസ്‌സി ചെയര്‍മാനെയും ഗവര്‍ണര്‍ പുറത്താക്കണം. യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമകേസിലെ പ്രതിയുടെ വീട്ടില്‍നിന്നും എസ്എഫ്‌ഐയുടെ യൂനിറ്റ് മുറിയില്‍നിന്നും കെട്ടുകണക്കിന് ഉത്തരക്കടലാസുകളും വ്യാജസീലുകളും ലഭിച്ചിട്ടും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ കേരള വിസി തയ്യാറാവുന്നില്ല.

കൗമാരകുറ്റവാളികളെ വളര്‍ത്തിയെടുക്കുന്ന കേന്ദ്രങ്ങളായി കലാശാലകളെ സിപിഎം മാറ്റി. വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ച് അംഗത്വമെടുപ്പിച്ചും ഭീഷണിപ്പെടുത്തിയും ആട്ടിന്‍പറ്റങ്ങളപ്പോലെ സമരങ്ങളില്‍ പങ്കെടുപ്പിച്ചുമാണ് എസ്എഫ്‌ഐയുടെ സംഘടനാപ്രവര്‍ത്തനം. സിപിഎമ്മിന്റെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം അധ്യാപകരും എസ്എഫ്‌ഐയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. സര്‍വകലാശാല, പിഎസ്‌സി ക്രമക്കേട് വിഷയത്തില്‍ മുഖ്യമന്ത്രി കുറ്റകരമായ മൗനം തുടരുന്നു. അഴിമതിയെ ന്യായീകരിക്കാതെ പ്രതികരിക്കാന്‍ ഇനിയെങ്കിലും മുഖ്യമന്ത്രി തയ്യാറാവണം. അനിശ്ചിതത്വത്തിന്റെ തടവുകാരനായി മുഖ്യമന്ത്രി മാറരുതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.  

Tags:    

Similar News