ലക്കിടി: പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത് സി പി ജലീല്‍. വയനാട്ടില്‍ സുരക്ഷ ശക്തമാക്കി; തിരച്ചില്‍ ഊര്‍ജ്ജിതം
വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് വൈത്തിരി ദേശീയപാതയക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടില്‍ അഞ്ചംഗ മാവോവാദി സംഘം എത്തിയത്.
വൈത്തിരി: വയനാട് വൈത്തിരിയില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോവാദികളും തമ്മിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി സി പി ജലീലാണ് കൊല്ലപ്പെട്ടത്. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി റഷീദിന്റെ ഇളയ സഹോദരനാണ്.
വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് വൈത്തിരി ദേശീയപാതയക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടില്‍ അഞ്ചംഗ മാവോവാദി സംഘം എത്തിയത്. ഇവര്‍ 50,000 രൂപയും ഭക്ഷണവും ആവശ്യപ്പെടുകയും ഉടമയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തുവെന്ന് പോലിസ് പറയുന്നു. റിസോര്‍ട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവരമറിച്ചതിനെതുടര്‍ന്ന് സ്ഥലത്തെത്തിയ തണ്ടര്‍ ബോള്‍ട്ട് സംഘം എത്തിയതോടെ റിസോര്‍ട്ടിന് മുമ്പില്‍വെച്ച് പോലിസും തണ്ടര്‍ ബോള്‍ട്ടും തമ്മില്‍ വെടിവയ്പ്പ് ആരംഭിച്ചു.പുലര്‍ച്ചെ നാലര വരെ വെടിവയ്പ്പ് നീണ്ടുനിന്നുവെന്നാണ് പോലിസ് പറയുന്നത്. ഇതിന് ശേഷം കാട്ടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. വെടിവയ്പ്പിനെ തുടര്‍ന്ന് മാവോവാദി നേതാവായ വേല്‍മുരുകന് പരുക്ക് പറ്റിയതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. റിസോര്‍ട്ടിന് സമീപം കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ രണ്ട് പോലിസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ആയുധങ്ങളുമായെത്തിയ സംഘമാണ് വെടിവെയ്പ്പ് നടത്തിയത്. തുടര്‍ന്ന് രക്ഷപെട്ട മാവോ വാദികള്‍ക്കായി കാട്ടില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം വെടിവയ്പിനെ തുടര്‍ന്ന് തടഞ്ഞ കോഴിക്കോട് വയനാട് ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചു. പോലീസ് സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാവിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തും. ഇതോടൊപ്പം കൂടുതല്‍ പോലീസിനെ സ്ഥലത്ത് വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം രക്ഷപ്പെട്ട മാവോവാദികള്‍ക്കായി 30 അംഗ തണ്ടര്‍ ബോള്‍ട്ട് സംഘം തിരച്ചില്‍ തുടരുകയാണ്.
