കശ്മീരിയായ ഗായകനെ മുംബൈയിലെ വാടകവീട്ടില്‍നിന്ന് ഇറക്കിവിട്ടു; ഇടപെട്ട് പോലിസ്

കശ്മീരിലെ ബന്ദിപോര്‍ സ്വദേശിയായ ആദില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇതേ ഫ്‌ലാറ്റിലാണ് താമസിക്കുന്നത്.മുന്നറിയിപ്പുമില്ലാതെയാണ് കശ്മീരിയായതിന്റെ പേരില്‍ ആദിലിനോട് വീടൊഴിയാന്‍ ആവശ്യപ്പെട്ടത്.

Update: 2019-09-10 10:05 GMT

മുംബൈ: കശ്മീരി ഗായകന്‍ ആദില്‍ ഗുരേസിയെ മുംബൈയിലെ വാടക വീട്ടില്‍ നിന്നും പുറത്താക്കി. കശ്മീരിയായതിനാലാണ് തന്നോട് വീടൊഴിയാന്‍ ഉടമ ആവശ്യപ്പെട്ടതെന്ന് 24കാരനായ ആദില്‍ ആരോപിച്ചു.പിന്നീട് മുംബൈ പോലിസ് ഇടപെട്ട് ആദിലിനെ വാടകവീട്ടില്‍ തന്നെ താമസിക്കാന്‍ അനുവദിക്കുമെന്ന് ഉറപ്പ് നല്‍കി.

കശ്മീരിലെ ബന്ദിപോര്‍ സ്വദേശിയായ ആദില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇതേ ഫ്‌ലാറ്റിലാണ് താമസിക്കുന്നത്.മുന്നറിയിപ്പുമില്ലാതെയാണ് കശ്മീരിയായതിന്റെ പേരില്‍ ആദിലിനോട് വീടൊഴിയാന്‍ ആവശ്യപ്പെട്ടത്. ഓണ്‍ലൈന്‍ മാധ്യമമായ ദി വയറാണ് ഇക്കാര്യം പുറത്തെത്തിച്ചത്. തുടര്‍ന്നാണ് മുംബൈ പോലിസ് സംഭവത്തില്‍ ഇടപെടുന്നത്. ഓഷിവാര സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വീട്ടുടമയും ഏജന്റുമാരുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടൊന്നുമില്ലാതെ ആദിലിന് മുംബൈയില്‍ തുടരാനാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.


ആഗസ്ത് ഒന്നിന് ആദില്‍ കശ്മീരിലേക്ക് പോയിരുന്നു. ആഗസ്റ്റ് അഞ്ചാം തീയതിയാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത്. ഇതിന്റെ ഭാഗമായി

ഫോണ്‍, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിശ്ചേദിച്ചിരുന്നു. ആശയവിനിമയ സംവിധാനങ്ങള്‍ ഇല്ലാതാവുകയും കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ ഒരു മാസത്തിന് ശേഷമാണ് ആദിലിന് കശ്മീരില്‍ നിന്നും മടങ്ങാനായത്. സെപ്റ്റംബര്‍ മൂന്നിന് തിരികെ മുംബൈയിലെത്തിയപ്പോള്‍ എത്രയും വേഗം ഫ്‌ലാറ്റ് ഒഴിയണമെന്ന് വീട്ടുടമസ്ഥന്‍ ആവശ്യപ്പെടുകയായിരുന്നു.

കശ്മീരി ആയതിന്റെ പേരില്‍ മുമ്പും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ആദില്‍ ഗുരേസി പറയുന്നു. ആദ്യമായി മുംബൈയിലെത്തിയപ്പോള്‍ വാടകയ്ക്ക് വീട് നല്‍കാന്‍ പലരും വിസമ്മതിച്ചു. ഹിന്ദുവായ തന്റെ സുഹൃത്തിന്റെ പേരില്‍ കരാര്‍ ഉണ്ടാക്കിയാണ് ആദ്യം വീട് വാടകയ്ക്ക് എടുക്കുന്നത്. അന്ന് അതൊരു പ്രശ്‌നമായി തോന്നിയില്ല. എന്നാല്‍ ഇന്ന് താന്‍ വാടക നല്‍കി താമസിച്ച വീട്ടില്‍ നിന്നും പുറത്താക്കി. സുഹൃത്തുക്കളുടെ ഭാഗത്ത് നിന്നും അവഗണന നേരിടേണ്ടി വന്നതായി ആദില്‍ ഗുരേസി പറയുന്നു. കശ്മീരില്‍ താമസിച്ച ഒരുമാസം ആരുമായും ബന്ധപ്പെടാന്‍ സാധിച്ചില്ല, തിരികെ വന്നപ്പോള്‍ അവഗണനയാണ് നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നു.

അതേസമയം കശ്മീരി ആയതിന്റെ പേരിലാണ് ആദിലിനോട് വീടൊഴിയാന്‍ ആവശ്യപ്പെട്ടതെന്ന് ആരോപണം ബ്രോക്കര്‍മാര്‍ നിഷേധിച്ചു. കശ്മീര്‍ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലുണ്ടായ തെറ്റിദ്ധാരണകള്‍ മൂലമാകാം ഇവരുടെ നടപടിയെന്നാണ് പോലീസ് പറയുന്നത്, എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. നിലവില്‍ ഒരു സുഹൃത്തിനൊപ്പമാണ് ഗുരേസിയുടെ താമസം.


Tags:    

Similar News