അലയന്‍സ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുടെ വധം: ക്വട്ടേഷന്‍ നല്‍കിയ ചാന്‍സലറും സഹായിയും പിടിയില്‍

സര്‍വകലാശാലയുടെ ഇപ്പോഴത്തെ ചാന്‍സ്‌ലര്‍ സുധീര്‍ അങ്കൂര്‍ (57), ഓഫിസ് എക്‌സിക്യൂട്ടീവ് സൂരജ് സിങ് എന്നിവരാണ് അറസ്റ്റിലായത്. ഒരു കോടി രൂപ ക്വട്ടേഷന്‍ നല്‍കിയാണ് കൃത്യം നടപ്പാക്കിയയത്. സ്വന്തം സഹോദരനായ മധുകര്‍ അങ്കുറിനെ വധിക്കാനും സുധീര്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നതായി പോലിസ് അറിയിച്ചു.

Update: 2019-10-18 03:04 GMT

ബെംഗളുരു: അലയന്‍സ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അയ്യപ്പ ദോറെ വെട്ടേറ്റു മരിച്ച സംഭവത്തില്‍ സര്‍വകലാശാല ചാന്‍സലറും സഹായിയും പിടിയില്‍. സര്‍വകലാശാലയുടെ ഇപ്പോഴത്തെ ചാന്‍സ്‌ലര്‍ സുധീര്‍ അങ്കൂര്‍ (57), ഓഫിസ് എക്‌സിക്യൂട്ടീവ് സൂരജ് സിങ് എന്നിവരാണ് അറസ്റ്റിലായത്. ഒരു കോടി രൂപ ക്വട്ടേഷന്‍ നല്‍കിയാണ് കൃത്യം നടപ്പാക്കിയയത്. സ്വന്തം സഹോദരനായ മധുകര്‍ അങ്കുറിനെ വധിക്കാനും സുധീര്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നതായി പോലിസ് അറിയിച്ചു.

സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അലയന്‍സ് സര്‍വകലാശാലയുടെ നിയന്ത്രണം പിടിച്ചെടുക്കാനാണു കൊലപാതകമെന്നു ബംഗളുരു സിറ്റി പോലിസ് കമ്മിഷണര്‍ ഭാസ്‌കര്‍ റാവു അറിയിച്ചു. ദൊരെയെ ബെംഗളൂരുവില്‍ നഗരത്തിലെ ഗ്രൗണ്ടില്‍ 17ന് പുലര്‍ച്ചെയാണ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 10.45നു വീട്ടില്‍നിന്ന് നടക്കാനായി പുറത്തുപോയ ദോറെ തിരിച്ചെത്താത്തതിനെത്തുടര്‍ന്നു വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്. അലയന്‍സ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ സ്ഥാനം രാജിവച്ചശേഷം പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു ദോറെ. അദ്ദേഹത്തിന്റെ ഭാര്യ പവനയില്‍നിന്നാണു സുധീര്‍ അങ്കൂറിനെക്കുറിച്ചു സൂചന ലഭിച്ചതെന്നു പോലീസ് അറിയിച്ചു. ഇരുവരെയും ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

കൊലപാതകം നടത്തിയ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സര്‍വകലാശാലയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് സഹോദരന്‍ മധുകര്‍ അങ്കൂറുമായി ചാന്‍സലര്‍ സുധീര്‍ തര്‍ക്കത്തിലായിരുന്നു. ഇവര്‍ തമ്മില്‍ 25 സിവില്‍ കേസുകള്‍ നിലവിലുണ്ട്. തര്‍ക്കത്തില്‍ ഈയിടെ മധുകറിന് അനുകൂലമായി വിധി വന്നു. ഇതെ തുടര്‍ന്നാണ് അദ്ദേഹത്തെയും അടുത്ത സുഹൃത്ത് അയ്യപ്പ ദൊരെയെയും കൊലപ്പെടുത്താന്‍ ഗൂഢാലോചന തുടങ്ങിയത്. ഇതിനായി 4 മാസം മുന്‍പാണ് സൂരജ് സിങ്ങിനെ സര്‍വകലാശാലയില്‍ ഓഫിസ് എക്‌സിക്യൂട്ടീവായി സുധീര്‍ നിയമിച്ചത്. സുധീറിന്റെ നിര്‍ദേശ പ്രകാരം ക്രിമിനല്‍ പശ്ചാത്തലമുള്ള 4 പേരെ ക്വട്ടേഷന്‍ ഏല്‍പിച്ചു. നഗരത്തിലെ ഒരു ക്രിമിനല്‍ അഭിഭാഷകനില്‍ നിന്ന് നിയമോപദേശവും തേടി. ആറംഗ സംഘമാണ് ദോറെയെ ആക്രമിച്ചതെന്നും പോലിസ് കണ്ടെത്തി. ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

യുജിസി അംഗീകാരത്തോടെ, സ്വകാര്യവ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നതാണ് സ്വകാര്യ സര്‍വകലാശാലകള്‍. ജന സമന്വയര പക്ഷ പാര്‍ട്ടിയുടെ നേതാവ് കൂടിയായിരുന്നു ദോറെ. ഭൂമി ഇടപാടില്‍ അഴിമതി ആരോപിച്ച് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പക്കെതിരേ പരാതി നല്‍കിയതോടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

Tags: