പെരിങ്ങത്തൂര്‍ പാലത്തില്‍ വീണ്ടും പോലിസ് ക്രൂരത; വിദേശത്തേക്കു പോവുന്നയാളെ കടത്തിവിട്ടില്ല

വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് നടന്ന കാര്യങ്ങളെല്ലാം ധരിപ്പിച്ചതിനാലാണ് യാത്രാനുമതി ലഭിച്ചത്

Update: 2020-08-28 08:27 GMT

കണ്ണൂര്‍: കൊവിഡിന്റെ പേരില്‍ രാത്രികാലങ്ങളില്‍ അടച്ചിടുന്ന പെരിങ്ങത്തൂര്‍ പാലത്തിലെ പോലിസുകാരുടെ ക്രൂരത തുടരുന്നു. കണ്ണൂര്‍ വിമാനത്താവളം വഴി വിദേശത്തേക്കു പോവുകയായിരുന്ന പ്രവാസിയെ ഒരു മണിക്കൂറോളം അപേക്ഷിച്ചിട്ടും കടത്തിവിട്ടില്ല. ഒടുവില്‍ മറ്റൊരു വഴിയിലൂടെ വിമാനത്താവളത്തിലെത്തുകയായിരുന്നു. നാദാപുരത്ത് നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴി ബഹറയ്‌നിലേക്ക് പോവുകയായിരുന്ന മഹമൂദ് തറോലിനും സുഹൃത്ത് സയ്യിദ് കിഴക്കയിലിനുമാണ് ദുരനുഭവം ഉണ്ടായത്. വിദേശത്തേക്കു പോവേണ്ട കാര്യം തലേന്ന് തന്നെ പാലത്തിന് കാവല്‍ നില്‍ക്കുന്ന പോലിസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. മാത്രമല്ല, പുലര്‍ച്ചെ മൂന്നിന് വിമാനത്താവളത്തിലേക്ക് പോവുന്നതിനു വല്ല തടസ്സവും ഉണ്ടാവുമോ എന്ന് ചോദിച്ചപ്പോള്‍ ആബുലന്‍സ്, എയര്‍പോര്‍ട്ട് സര്‍വീസ് എന്നിവയ്ക്കു ആവശ്യമായ രേഖകളുണ്ടെങ്കില്‍ യാത്രാനുമതി നല്‍കുമെന്നും അറിയിച്ചിരുന്നു. ഇത് വിശ്വിസിച്ച് യാത്രയ്ക്കു ആവശ്യമായ സമയത്ത് പെരിങ്ങത്തൂര്‍ പാലത്തിലൂടെ പോവാനായി വാഹനത്തിലെത്തിയപ്പോഴാണ് ഈ സമയം പാലത്തില്‍ നിലയുറപ്പിച്ച പോലിസ് ഉദ്യോഗസ്ഥര്‍ തടഞ്ഞതെന്ന് ബന്ധുവായ മേക്കുന്ന് സ്വദേശി അബ്ദുല്‍ അസീസ് അറിയിച്ചു.

    തുടര്‍ന്ന് ചൊക്ലി പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ഉപയോഗിച്ചിരുന്ന നമ്പറിലേക്കു പുലര്‍ച്ചെ മൂന്നിനു വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. യാത്രാരേഖകള്‍ കാണിച്ചുകൊടുത്താല്‍ കടത്തിവിടുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. എന്നാല്‍, പാസ്‌പോര്‍ട്ടും വിമാനടിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളും പാലത്തിലുണ്ടായിരുന്ന പോലിസുകാര്‍ക്ക് കാണിച്ചുകൊടുത്തെങ്കിലും കടത്തിവിട്ടില്ല. ഒരുമണിക്കൂറോളം ഇത്തരത്തില്‍ യാത്രക്കാര്‍ കുടുങ്ങുകയായിരുന്നു. ഇക്കാര്യം നേരത്തേ വിളിച്ച ചൊക്ലി എസ് ഐയെ വിളിച്ചുപറയാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഒടുവില്‍ പോലിസുകാര്‍ അനുമതി നല്‍കില്ലെന്ന് ഉറപ്പായതോടെ, പാറക്കടവ് വഴി വിമാനത്താവളത്തിലേക്ക് പുറപ്പെടുകയായിരുന്നു. ഇതുവഴി പോവുമ്പോഴും പാലത്തില്‍ തടസ്സങ്ങളുണ്ടായതോടെ മറ്റൊരു വഴിയിലൂടെ പോവുകയായിരുന്നു. ഇതുകാരണം, ഏകദേശം നാലുമണിക്ക് വിമാനത്താവളത്തില്‍ റിപോര്‍ട്ട് ചെയ്യേണ്ടിയിരുന്നവര്‍ക്ക് ആറു മണിയോടെയാണ് എത്താനായത്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് നടന്ന കാര്യങ്ങളെല്ലാം ധരിപ്പിച്ചതിനാലാണ് യാത്രാനുമതി ലഭിച്ചത്.

    ദിവസങ്ങള്‍ക്കു മുമ്പ് ഹൃദയാഘാതമുണ്ടായ രോഗിയെയും കൊണ്ട് വരികയായിരുന്ന ആബുലന്‍സ് അര മണിക്കൂറോളം പാലത്തില്‍ തന്നെ തടഞ്ഞുവച്ചിരുന്നു. പാലം അടച്ചിട്ട് പോലിസ് ഉദ്യോഗസ്ഥര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് പെരിങ്ങത്തൂരിലെ സാമൂഹിക പ്രവര്‍ത്തകരെത്തി പൂട്ട് തകര്‍ത്താണ് ആംബുലന്‍സ് കടത്തിവിട്ടത്. ഇത്തരത്തില്‍ അശാസ്ത്രീയവും വിവേകശൂന്യവുമായ നടപടികള്‍ കൈക്കൊള്ളുന്ന പോലിസുകാര്‍ക്കെതിരേ പ്രദേശവാസികള്‍ക്കിടയില്‍ അമര്‍ഷം ശക്തമാവുന്നുണ്ട്.

Police brutality on Peringathur bridge again




Tags:    

Similar News