കമ്മ്യൂണിറ്റി കിച്ചന്‍ സന്നദ്ധപ്രവര്‍ത്തകരായ സിപിഎം പ്രവര്‍ത്തകര്‍ക്ക് പോലിസ് മര്‍ദ്ദനം

Update: 2020-04-09 16:25 GMT

കണ്ണൂര്‍: കമ്മ്യൂണിറ്റി കിച്ചന്‍ സന്നദ്ധപ്രവര്‍ത്തകരായ സിപിഎം പ്രവര്‍ത്തകര്‍ക്ക് പോലിസ് മര്‍ദ്ദനം. കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലെ സന്നദ്ധപ്രവര്‍ത്തകരായ സഹോദരന്മാര്‍ക്കാണ് പോലിസ് മര്‍ദ്ദനമേറ്റത്. പുതിയതെരു-കാട്ടാമ്പള്ളി റോഡില്‍ എകെജി റോഡ് ബസ്‌റ്റോപ്പിന് സമീപം വയനായി ഹൗസില്‍ സുരേന്ദ്രന്റെ മക്കളായ പി പി ശ്രീരാഗിനും(28), പി പി വൈശാഖിനും(26) മര്‍ദ്ദനമേറ്റത്. ശ്രീരാഗ് ഡിവൈഎഫ്‌ഐ കൊല്ലറത്തിക്കല്‍ വൈസ് പ്രസിഡന്റാണ്. ജോയിന്റെ സെക്രട്ടറിയാണു വൈശാഖ്. ഇരുവരും സിപിഎം കൊല്ലറത്തിക്കല്‍ ബ്രാഞ്ച് അംഗങ്ങളാണ്.

    വ്യാഴാഴ്ച രാവിലെ 10ഓടെ വീട്ടില്‍ നിന്നു കാട്ടാമ്പള്ളി ഗവ. യുപി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ചിറക്കല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിന് തയ്യാറാക്കിയ പാചകം ചെയ്ത ഭക്ഷണം പാക്ക് ചെയ്യാനായി ബൈക്കില്‍ പോവുമ്പോഴാണ് മര്‍ദ്ദനം. ഇവരോടൊപ്പം അക്ഷയ് കൂടെയുണ്ടായിരുന്നു. ബൈക്കില്‍ പോവുന്നതിനിടെ പിറകില്‍ നിന്ന് വരികയായിരുന്ന പോലിസ് ജീപ്പ് ബൈക്കിന് മുന്നില്‍ കുറുകെയിട്ട് വളപട്ടണം അഡീഷനല്‍ എസ്‌ഐ ബാലന്റെ നേതൃത്വത്തില്‍ ഇരുവരെയും ലാത്തികൊണ്ട് മര്‍ദ്ദിച്ചെന്നാണ് പരാതി. ലാത്തികൊണ്ടുള്ള മര്‍ദനത്തില്‍ വൈശാഖിന്റെ ശരീരത്തില്‍ ഇടുപ്പില്‍ മുറിവ് പറ്റിയിട്ടുണ്ട്. പോലിസ് മര്‍ദ്ദിക്കുന്നതിനിടെ പഞ്ചായത്ത് അനുവദിച്ച വോളന്റിയര്‍ പാസ് കാണിച്ചെങ്കിലും എസ് ഐ പാസ് വലിച്ചെറിഞ്ഞ് മുഖത്തടിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ ലാത്തിയും തകര്‍ന്ന് പൊട്ടിത്തെറിച്ചതായും പറയപ്പെടുന്നുണ്ട്.


Tags:    

Similar News