ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ച കുടുംബത്തെ പോലിസ് അറസ്റ്റ് ചെയ്തു

Update: 2020-03-23 14:38 GMT

പെരിന്തല്‍മണ്ണ: ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നാട്ടിലിറങ്ങി നടന്നയാളെ കുടുംബത്തോടൊപ്പം അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. പെരിന്തല്‍മണ്ണയില്‍ സബ്രീന ഹോട്ടലിന് സമീപം ടാക്‌സ് പ്രാക്റ്റീഷണര്‍ ജോലി ചെയ്യുന്ന വ്യക്തിയെയും ഭാര്യയെയും ഇവരുടെ വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സ്ത്രീയെയുമാണ് ആരോഗ്യ വകുപ്പ് അധികൃതരെത്തി പോലിസിന്റെ സഹായത്തോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ടുദിവസം മുമ്പാണ് ഇയാള്‍ യുഎഇയില്‍ നിന്നെത്തിയത്.

    എയര്‍പോര്‍ട്ടില്‍ വച്ചും വീട്ടിലെത്തിയ ശേഷവും ഇയാളോട് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാതെ ഇയാള്‍ നഗരത്തിലെ വിവിധ കടകളില്‍ കയറിയിറങ്ങുകയായിരുന്നു. ഇതുകൂടാതെ ടാക്‌സ് പ്രാക്റ്റീസ് നടത്തുന്ന ഇയാളുടെ അടുത്തേക്ക് വിവിധ സേവനങ്ങള്‍ക്കായി 20ഓളം ആളുകള്‍ വരികയും ചെയ്തിരുന്നു. വീട്ടില്‍ തന്നെയാണ് ഇയാളുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. സേവനങ്ങള്‍ക്കായി എത്തിയവര്‍ക്ക് ഇയാള്‍ നിരീക്ഷണത്തില്‍ കഴിയേണ്ട ആളാണെന്ന് അറിയില്ലെന്നാണ് പറയുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പോലിസുമായെത്തി ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയ്ക്കു 12ഓടെയാണ് പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റിയത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം ആരോഗ്യ വകുപ്പിന്റെയും പെരിന്തല്‍മണ്ണ നഗരസഭയുടെയും നേതൃത്വത്തില്‍ ജീവനക്കാരെത്തി വീടും പരിസരവും അണുനശീകരണം നടത്തി.

    അതേസമയം, ഇയാള്‍ ആരോഗ്യ വകുപ്പുമായി സഹകരിക്കുന്നില്ലെന്ന് പെരിന്തല്‍മണ്ണ പോലിസ് അറിയിച്ചു. ഇദ്ദേഹത്തിന്റെ കൂടെ വന്നിരുന്ന മകന്‍ യുഎഇയിലേക്ക് തന്നെ തിരിച്ചുപോയെന്നാണ് വിവരം. ഇത് പോലിസിനെയും ആരോഗ്യ വകുപ്പിനെയോ അറിയിച്ചിരുന്നില്ല. നിരവധി തവണ ചോദിച്ചശേഷമാണ് ഇക്കാര്യം പറഞ്ഞത്. വീട്ടില്‍ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്നും ആരൊക്കെയാണ് വീട്ടില്‍ വന്നിരുന്നത് എന്നുമുള്ള ചോദ്യങ്ങള്‍ക്കും ഇയാള്‍ കൃത്യമായ മറുപടി നല്‍കിയിരുന്നില്ലെന്നും പോലിസ് പറയുന്നു. ഇയാള്‍ എവിടെയൊക്കെ പോയി എന്ന കാര്യങ്ങളും ഇയാള്‍ പറയുന്നില്ല. ഇയാളെ കൗണ്‍സിലിങിനു വിധേയമാക്കി കൂടുതല്‍ കാര്യങ്ങള്‍ അറിയാനാണ് ശ്രമിക്കുന്നതെന്നും പോലിസ് പറഞ്ഞു. ഇദ്ദേഹവുമായി അടുത്തിടപഴകിയവര്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.



Tags:    

Similar News