ഗോഡ്‌സെയുടെ കോലം കെട്ടിത്തൂക്കി; കേസെടുത്ത് പോലിസ്
പ്രസ്തുത ബാനറില്‍ മത സ്പര്‍ദ്ധ ഉണ്ടാക്കുന്ന പരാമര്‍ശമുണ്ടെന്നാരോപിച്ച് സ്വമേധയാ കേസെടുത്തതായാണ് വിവരം.
മലപ്പുറം: കുന്നുമ്മല്‍ സര്‍ക്കിളില്‍ ഗോഡ്‌സെയുടെ കോലം കെട്ടിത്തൂക്കി 'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്' എന്നെഴുതിയ ബാനര്‍ കെട്ടിയതിന് ബാലരാമപുരം മോഡല്‍ കേസെടുത്ത് മലപ്പുറം പോലിസും. പ്രസ്തുത ബാനറില്‍ മത സ്പര്‍ദ്ധ ഉണ്ടാക്കുന്ന പരാമര്‍ശമുണ്ടെന്നാരോപിച്ച് സ്വമേധയാ കേസെടുത്തതായാണ് വിവരം. ഏതെങ്കിലും വ്യക്തികളുടെയൊ സംഘടനകളുടേയോ പേര് എഫ്‌ഐആറില്‍ പരാമര്‍ശിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. 153 വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. രാഷ്ട്ര പിതാവ് ഗാന്ധിജിയെ വെടി വെച്ച് കൊന്ന ഗോഡ്‌സെ ആര്‍ എസ് എസ് ആണ് എന്നെഴുതിയാല്‍ അതിലെവിടെയാണ് മത സ്പര്‍ദ്ധയുണ്ടാക്കുന്ന പരാമരശമുള്ളതെന്ന് നാട്ടുകാര്‍ ചോദിക്കുന്നു.
ആര്‍എസ്എസിനെതിരേയുള്ള പ്രതിഷേധങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കുകയും അത് വഴി പ്രതിഷേധങ്ങളുടെ മുനയൊടിക്കാനുമുള്ള പോലിസിന്റെ ഗൂഢ പദ്ധതിയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. ബാലരാമപുരം മോഡല്‍ കേസ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് പോലിസിലെ ഉന്നത തല ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണവും ശക്തമാണ്. പോലിസിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരായ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.